അശോക് ഗെലോട്ടിനെ മാറ്റി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം; കോൺ​ഗ്രസ് എംഎൽഎ

By Web TeamFirst Published Jun 6, 2019, 10:29 AM IST
Highlights

ചെറുപ്പക്കാരനായ മുഖ്യമന്ത്രിക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് സച്ചിൻ പൈലറ്റ് ആയിരുന്നുവെന്നും ഗുജ്ജർ, ജാട്ട് സമുദായങ്ങൾക്കിടയിൽ അശോക് ഗെലോട്ടിന്റെ സ്വാധീനം നഷ്ടമായെന്നും മീണ പറഞ്ഞു.

ജയ്പൂർ: രാജസ്ഥാനിൽ നേതൃമാറ്റം അനിവാര്യമാണെന്നും അശോക് ഗെലോട്ടിനെ മാറ്റി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നും കോൺ​ഗ്രസ് എംഎൽഎ പ്രിഥ്വിരാജ് മീണ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അധികാരത്തിലേറി ആറുമാസത്തിനകം തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.

ചെറുപ്പക്കാരനായ മുഖ്യമന്ത്രിക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് സച്ചിൻ പൈലറ്റ് ആയിരുന്നുവെന്നും ഗുജ്ജർ, ജാട്ട് സമുദായങ്ങൾക്കിടയിൽ അശോക് ഗെലോട്ടിന്റെ സ്വാധീനം നഷ്ടമായെന്നും മീണ പറഞ്ഞു.

ലോക്സഭാ തെരഞ്ഞടുപ്പിൽ തന്റെ മകൻ വൈഭവിന്റെ തോൽവിയുടെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റിനാണെന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവനയിലും മീണ അതൃപ്തി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വൈഭവിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അശോക് ഗെലോട്ട് രംഗത്തുവന്നത്. 

വൈഭവിന്‍റെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ അശോക് ഗെലോട്ടിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിലര്‍ മക്കളുടെ വിജയത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് ജോധ്പൂർ മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നാല് ലക്ഷം വോട്ടിനാണ് കേന്ദ്രമന്ത്രിയായിരുന്ന ഗജേന്ദ്ര സിങ് ശെഖാവത്തിനോട് വൈഭവ് തോറ്റത്. 

click me!