തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം; വെല്ലുവിളികളെ നേരിടാന്‍ തന്ത്രങ്ങളുമായി മോദി സര്‍ക്കാര്‍

By Web TeamFirst Published Jun 6, 2019, 9:22 AM IST
Highlights

പുതിയ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ക്യാബിനറ്റ് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതിഫലിക്കാനാണ് സാധ്യത.

ദില്ലി: തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പരിഹരിക്കാന്‍ പദ്ധതികളുമായി മോദി സര്‍ക്കാര്‍. രണ്ടാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന് മുമ്പിലെ പ്രധാന വെല്ലുവിളികളെ നേരിടുന്നതിനായി രണ്ട് മന്ത്രിസഭാ സമിതികള്‍ക്കാണ് രൂപം നല്‍കിയത്. പ്രധാനമന്ത്രി തന്നെയാണ് രണ്ട് സമിതികളുടെയും ചെയര്‍മാന്‍. 

ബുധനാഴ്ചയാണ് കമ്മറ്റികള്‍ക്ക് രൂപം നല്‍കിയത്. പുതിയ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ക്യാബിനറ്റ് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതിഫലിക്കാനാണ് സാധ്യത. ആകെ എട്ട് മന്ത്രിസഭാ സമിതികള്‍ക്കാണ് രൂപം നല്‍കിയത്.  ഇതില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും വേണ്ടിയുള്ള കമ്മറ്റികളാണ്. ഇതാദ്യമായാണ് ഇത്തരത്തിലുള്ള സമിതികള്‍ രൂപവത്കരിക്കുന്നത്. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

തൊഴിലവസരവും നൈപുണ്യ വികസനവും ലക്ഷ്യം വയ്ക്കുന്ന മന്ത്രിസഭാ സമിതിയില്‍ പത്ത് അംഗങ്ങളാണുള്ളത്. അമിത് ഷാ, നിര്‍മലാ സീതാരാമന്‍, പീയൂഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, രമേഷ് പൊഖ്രിയാല്‍, ധര്‍മേന്ദ്ര പ്രധാന്‍, മഹേന്ദ്രനാഥ് പാണ്ഡെ, സന്തോഷ് കുമാര്‍ ഗാങ്‍വര്‍, ഹര്‍ദീപ് സിങ് പുരി എന്നിവരാണ്  മോദിക്ക് പുറമെ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

രണ്ടാം മോദി സര്‍ക്കാരിന് മുമ്പിലെ പ്രധാന വെല്ലുവിളികളാണ് സാമ്പത്തിക മാന്ദ്യവും തോഴിലില്ലായ്മയും.  45- വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളതെന്ന് പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ ഫലം പുറത്തുവിട്ടിരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍റെ കണക്കനുസരിച്ച് 2018-19 കാലയളവില്‍ ജിഡിപി 5.8 ആയി കുറഞ്ഞിരുന്നു. 2018-ല്‍ 7.2 ശതമാനം ജിഡിപി നിരക്കായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 6.8 ശതമാനമാണ് നേടാന്‍ കഴിഞ്ഞത്. 

click me!