മഹാരാഷ്ട്രയിലെ മദ്രസകൾ തീവ്രവാദികളുടെ പ്രജനന കേന്ദ്രങ്ങളാണെന്നും അവ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി നിതേഷ് റാണെ. ഒരു വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് മന്ത്രിയുടെ വിവാദ പരാമർശം. 

മുംബൈ: മദ്രസകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് അഭ്യർത്ഥിക്കുമെന്നും മഹാരാഷ്ട്ര തുറമുഖ വികസന മന്ത്രി നിതേഷ് റാണെ. മദ്രസകൾ തീവ്രവാദികളുടെ പ്രജനന കേന്ദ്രങ്ങളാണെന്നും അതിനാൽ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മുസ്ലീം പുരോഹിതൻ ഒരു വിദ്യാർത്ഥിയെ മർദ്ദിക്കുന്നതായി കാണിക്കുന്നവൈറൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിങ്ങൾ മൗലവി കുട്ടികളെ തല്ലുന്ന വീഡിയോ കണ്ടിട്ടുണ്ടാകും. അത് എന്റെ സ്വന്തം ജില്ലയായ സാവന്ത്വാഡിയിൽ നിന്നുള്ളതാണ്. എനിക്ക് ചുമതലയുള്ള ജില്ലയാണത്. എന്ത് കർശന നടപടിയാണ് നേരിടാൻ പോകുന്നതെന്ന് നിങ്ങൾക്ക് ഉടൻ മനസ്സിലാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണ കുട്ടികളെ അക്രമിക്കുന്നതിന് മുമ്പ് അവരുടെ കൈകൾ വിറയ്ക്കുന്ന തരത്തിലുള്ള നടപടി കൈക്കൊള്ളുമെന്ന് സംസ്ഥാനത്ത് മദ്രസകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. മദ്രസകൾ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളാണെന്നും അവരാണ് അവിടെ തീവ്രവാദികളെ രൂപപ്പെടുത്തുന്നതെന്നും മന്ത്രി ആരോപിച്ചു.

ഭഗവദ്ഗീത മാത്രം പഠിപ്പിക്കുന്ന ഹിന്ദുക്കൾക്ക് സ്കൂളുകൾ അനുവദിക്കുന്ന ഇസ്ലാമിക രാജ്യമുണ്ടോ എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും റാണെ പറഞ്ഞു. നിങ്ങള്‍ക്ക് ഖുറാന്‍ പഠിപ്പിക്കണമെങ്കില്‍, അതിനായി നിങ്ങള്‍ക്ക് പള്ളികളുണ്ട്. ചിലപ്പോള്‍ ഈ മദ്രസകളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താറുണ്ട്, ചിലപ്പോള്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് പോലുള്ള സംഭവങ്ങളും ഉണ്ടാകാറുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മദ്രസകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി പ്രസ്താവനയോട് പ്രതികരിച്ചു. വേണമെങ്കിൽ മദ്രസകളിൽ സിസിടിവി സ്ഥാപിക്കാം, അവർ നിങ്ങൾക്ക് ഒരു മുറിയും ഭക്ഷണവും തരും. നിങ്ങൾക്ക് അവിടെ താമസിച്ച് പരിശോധിക്കാം. എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും, അത്തരം ഒരു പ്രവർത്തനവും നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ലെന്നും അസ്മി പറഞ്ഞു.