
പട്യാല: ഭര്‍ത്താവ് അമരീന്ദര്‍ സിങ്ങിന്റെ (Amarinder singh) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രണീത് കൗര്‍ (Preneet Kaur) ബിജെപി (BJP) വേദിയില്‍. ബിജെപിയുടെ സഖ്യകക്ഷിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് പട്യാല അര്‍ബനില്‍ നിന്ന് അമരീന്ദര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് സ്ഥലം എംപിയായ പ്രണീത് കൗര്‍ പങ്കെടുത്തത്.
കുടുംബാംഗമെന്ന നിലയിലാണ് അമരീന്ദര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയതെന്ന് പ്രണീത് കൗര്‍ വിശദീകരിച്ചു. ഭര്‍ത്താവിനായി പ്രചാരണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് കൗര്‍ വിട്ടുനില്‍ക്കുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. ഒന്നുകില്‍ പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും അല്ലെങ്കില്‍ രാജിവെക്കണമെന്നും പട്യാലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഷ്ണു ശര്‍മ പ്രണീത് കൗറിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് എതിര്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണപരിപാടിയില്‍ പ്രണീത് കൗര്‍ പങ്കെടുത്തത്. ഞാന്‍ എന്റെ കുടുംബത്തോടൊപ്പമാണ്. എനിക്ക് എന്റെ കുടുംബമാണ് എല്ലാത്തിനും വലുത്- കൗര്‍ പറഞ്ഞു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കൗറിനെതിരെ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിദ്ദുവിനോടുള്ള അഭിപ്രായം വ്യത്യാസം മൂര്‍ച്ഛിച്ചാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. ബിജെപിയുമായി സഖ്യമായിട്ടാണ് ഇത്തവണ മത്സരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam