
ദില്ലി: ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ലോക്സഭ എം പി മാരായ ടി എൻ പ്രതാപൻ ,രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. മേലില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തരുതെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. പ്ലക്കാർഡുയർത്തി ഇനി പ്രതിഷേധം പാടില്ലെന്ന് നിര്‍ദ്ദേശിച്ച സ്പീക്കർ, ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും അറിയിച്ചു.
പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം
വിലക്കയറ്റം അടിയന്തരമായി ചര്‍ച്ചക്കെടുക്കാത്തതില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടിയില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഒന്‍പത് ദിവസം തുടര്‍ച്ചയായി സ്തംഭിച്ച പാര്‍ലമെന്‍റ് ഇന്ന് വീണ്ടും ചേരുമ്പോഴും ബഹളമയമായിരുന്നു. വിലക്കയറ്റം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ലോക് സഭ മറ്റ് നടപടികളിലക്ക് കടന്നത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. വര്‍ഷകാല സമ്മേളനം മുഴുവന്‍ നാല് എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷം പ്രതിഷേധിച്ചു. മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെതിരായ ഇഡി നടപടി അംഗീകരിക്കില്ലെന്നും ചര്‍ച്ച വേണമെന്നുമാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. വിലക്കയറ്റത്തില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും മറ്റ് വിഷയങ്ങളുയര്‍ത്തി പ്രതിഷേധിക്കുന്നതില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രതികരണങ്ങള്‍ അവഗണിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പതിനൊന്ന് മണി വരെ നിര്‍ത്തി വച്ച ഇരു സഭകളും വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടരുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് രാവിലെ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ ഇടത് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam