
ദില്ലി: വിലക്കയറ്റം അടിയന്തരമായി ചര്‍ച്ചയ്ക്ക് എടുക്കാത്തതില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ടുമണി വരെ നിര്‍ത്തിവെച്ചു. ഒന്‍പത് ദിവസം തുടര്‍ച്ചയായി സ്തംഭിച്ച പാര്‍ലമെന്‍റ് ഇന്ന് വീണ്ടും ചേരുമ്പോഴും ബഹളമയം തന്നെയായിരുന്നു. വിലക്കയറ്റം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ലോക്സഭ മറ്റ് നടപടികളിലക്ക് കടന്നത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. വര്‍ഷകാല സമ്മേളനം മുഴുവന്‍ നാല് എംപിമാരെ സസ്പെന്‍ഡ് ചെയ്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷം പ്രതിഷേധിച്ചു.
വിലക്കയറ്റത്തില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും മറ്റ് വിഷയങ്ങളുയര്‍ത്തി പ്രതിഷേധിക്കുന്നതില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെതിരായ ഇഡി നടപടി അംഗീകരിക്കില്ലെന്നും ചര്‍ച്ച വേണമെന്നുമാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. സര്‍ക്കാര്‍ പ്രതികരണങ്ങള്‍ അവഗണിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പതിനൊന്ന് മണി വരെ നിര്‍ത്തി വച്ച ഇരുസഭകളും വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടരുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് രാവിലെ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ ഇടത് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.
വിവാദമായി സഞ്ജയ് റാവത്തിന്റെ വീഡിയോ, 'നാടകം', അഴിമതിക്കാരനെന്ന് ട്വിറ്ററില്‍ പ്രതികരണങ്ങള്‍
ഭൂമി തട്ടിപ്പ് കേസിൽ ശിവസേന എംപി സഞ്ജയ് റാവത്ത് കസ്റ്റഡിയിലാകും മുമ്പ് അമ്മയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാല വിവാദം. വലിയ തട്ടിപ്പു നടത്തിയയാളെ വെള്ളപൂശാൻ ഇത്തരം ദൃശ്യങ്ങൾ മറയാക്കുന്നുവെന്നാണ് പരക്കെ ഉയരുന്ന ആരോപണം. 670 ലേറെ കുടുംബങ്ങൾക്ക് വീട് പുനർനിർമ്മിച്ചുകൊടുക്കാനുള്ള പണത്തിലാണ് റാവത്ത് അഴിമതി നടത്തിയതെന്നും അത്തരമൊരാളുടെ നാടകം പ്രചരിപ്പിക്കരുതെന്നുമാണ് ട്വിറ്റർ ഹാന്റിലുകളിലൊന്നിൽ നിന്ന് ഉയർന്ന ആക്ഷേപം.
ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പ് റാവത്ത് അമ്മയെ കെട്ടിപ്പിടിക്കുന്നതും പാദങ്ങളിൽ നമസ്കരിക്കുന്നതുമായ ദൃശ്യങ്ങളാണ് വിവാദമായിരിക്കുന്നത്. പുറത്തിറങ്ങും മുമ്പ് ആരതിയുഴിഞ്ഞാണ് അവർ മകനെ യാത്രയാക്കിയത്. ചോദ്യം ചെയ്യലിനായി രണ്ടുതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്.