Latest Videos

സ്ഥാനാർത്ഥിത്വം ഒഴിഞ്ഞ് പാർട്ടി വിട്ട കോൺഗ്രസ് ദേശീയ വക്താവ് രോഹൻ ഗുപ്ത ബിജെപിയിൽ ചേർന്നു

By Web TeamFirst Published Apr 11, 2024, 2:04 PM IST
Highlights

ജയറാം രമേശിന്റെ പെരുമാറ്റത്തിലെ അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു രോഹൻ ഗുപ്ത പാർട്ടി വിട്ടത്

ദില്ലി: കോൺഗ്രസ് ദേശീയ വക്താവും അഹമ്മദാബാദ് ഈസ്റ്റ് സ്ഥാനാർത്ഥിയും ആയിരുന്ന രോഹൻ ഗുപ്ത ബിജെപിയിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച രോഹൻ ഗുപ്ത സ്ഥാനാർത്ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പാർട്ടി വിട്ടത്. ജയറാം രമേശിനെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് രോഹൻ ഗുപ്ത പാർട്ടി വിട്ടത്. സനാതന ധർമ്മം അപമാനിക്കപ്പെട്ടപ്പോൾ തങ്ങളോട് മിണ്ടാതിരിക്കാൻ ജയറാം രമേശ് ആവശ്യപ്പെട്ടുവെന്നാണ് വിമർശനം.

രാജ്യത്തിന്റെ പേരിൽ ഒരു സഖ്യമുണ്ടാക്കിയെങ്കിലും ദേശ വിരുദ്ധ കക്ഷികളെയെല്ലാം അതിന്റെ ഭാഗമാക്കിയെന്നും രോഹൻ വിമർശിച്ചു. ഖലിസ്ഥാനികളുമായി അടുത്ത ബന്ധമുള്ള കെജ്രിവാളിനെ കോൺഗ്രസ് പിന്തുണക്കുന്നതിന്റെ അർത്ഥം എന്താണെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.

മാർച്ച് 22 നാണ് രോഹൻ ഗുപ്ത കോൺഗ്രസ് വിട്ടത്. മുതിർന്ന നേതാക്കൾ വ്യക്തിഹത്യ നടത്തുന്നുവെന്നും അപമാനിക്കുന്നുവെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. കഴിഞ്ഞ രണ്ട് വർഷങ്ങളായി തന്നെ അധിക്ഷേപിച്ചുകൊണ്ടിരുന്ന നേതാവ് ഇപ്പോഴും ആ പ്രവർത്തി അവസാനിപ്പിച്ചിട്ടില്ല. അദ്ദേഹമത് ഇനിയും തുടരും. ആരും അദ്ദേഹത്തെ ചോദ്യം ചെയ്യില്ല, തടയുകയുമില്ല. അദ്ദേഹത്തിന്റെ അതി തീവ്ര ഇടതനുകൂല നിലപാടാണ് സനാതന ധർമ്മം അധിക്ഷേപിക്കപ്പെട്ട സമയത്ത് താനുൾപ്പടെയുള്ളവരെ നിശബ്ദരാക്കിയത്. അതെന്നെ വ്യക്തിപരമായി ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവായിരുന്ന ബോക്സർ വിജേന്ദ്ര സിംഗ് കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ അംഗത്വം എടുത്തത്. അദ്ദേഹം 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇക്കുറിയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും അതിന് മുൻപ് അദ്ദേഹം ബിജെപിയിലേക്ക് പോവുകയായിരുന്നു.

2019 മാർച്ചിൽ ടാം വടക്കനിൽ നിന്ന് തുടങ്ങിയതാണ് രണ്ടാം മോദി സർക്കാറിന്റെ കാലത്ത് കോൺ​ഗ്രസ് വക്താക്കളുടെ കൊഴിഞ്ഞ് പോക്ക്. 2022 ൽ ജയ്വീർ ഷെർ​ഗിൽ, കഴിഞ്ഞയാഴ്ച ​ഗൗരവ് വല്ലഭ് ഏറ്റവും ഒടുവിൽ രോഹൻ ​ഗുപ്ത. നേതൃത്വത്തിന്റെ രീതികളെ രൂക്ഷമായി വിമർശിച്ചാണ് എല്ലാവരും പാർട്ടി വിടുന്നത്. നിലവിൽ ദില്ലിയിൽ ബിജെപിയുടെ മുഖമായ ഷഹസാദ് പൂനെവാല 2017 ലും, ശിവസേനയുടെ ദേശീയ മുഖമായ പ്രിയങ്ക ചതുർവേദി 2019 ലും കോൺ​ഗ്രസ് വിട്ടവരാണ്. രാഹുൽ ഗാന്ധിയുടെ നയങ്ങൾ ശക്തമായി വാദിച്ച് ടെലിവിഷിൽ ചാനലുകളിൽ പാർട്ടിയുടെ മുഖങ്ങളായി തിളങ്ങിയവർ ഇതെല്ലാം തള്ളിപറഞ്ഞ് ബിജെപിയിൽ കുടിയേറുന്നത് എഐസിസിക്കുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!