
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ അസമിൽ നീക്കങ്ങളാരംഭിച്ച് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് നിരീക്ഷകരായ ഡികെ ശിവകുമാറും ഭൂപേഷ് ഭാഗേലും ജിതേന്ദ്ര സിങ്ങും സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരഗ് ഗൊഗോയ് പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിയ അദ്ദേഹം, ബിജെപിക്ക് സഹായമാകുന്ന അന്തരീക്ഷം ഒരുക്കാനാണ് ഇതുവഴി ശ്രമിക്കുന്നതെന്നും പറഞ്ഞു.
അസമിലെ ജനങ്ങളും കർഷകരും യുവാക്കളും സ്ത്രീകളും പുതിയ സർക്കാർ രൂപീകരിക്കാനാണ് വോട്ട് ചെയ്തതെന്ന് ഗൗരഗ് ഗൊഗോയ് പറഞ്ഞു. ഫലം മെയ് നാലിന് വരും. സ്ട്രോങ് റൂമുകളിൽ തങ്ങളുടെ കണ്ണുണ്ടാകും. വോട്ടെണ്ണൽ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. തങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. അസമിൽ എക്സിറ്റ് പോളുകളിലൂടെ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ കോൺഗ്രസ് ആ കെണിയിൽ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസമിലെ തങ്ങളുടെ ടീം ശക്തമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി കൂടിയായ ഡികെ ശിവകുമാറും പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിയ ശിവകുമാർ, തോൽവി ഉറപ്പിച്ചതിനാൽ ചില ബിജെപി നേതാക്കൾ കോൺഗ്രസിനെ സമീപിച്ചതായും അവകാശപ്പെട്ടു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മൂന്നാം തവണയും അധികാരത്തിലേറുമെന്ന എക്സിറ്റ് പ്രവചനങ്ങൾക്കിടെയാണ് കോൺഗ്രസ് നേതൃത്വം സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. റായ്ജോർ ദൾ, അസം ജാതിയ പരിഷത് (എജെപി), സിപിഐഎം, എപിഎച്ച്എൽസി, സിപിഐ (എംഎൽ) എന്നീ പാർട്ടികളാണ് കോൺഗ്രസുമായി സഖ്യത്തിൽ ഉള്ളത്.
സംസ്ഥാനത്തെ 126 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ 80 മുതൽ 101 സീറ്റുകൾ വരെ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ, ജെവിസി, മട്രിസ് എന്നീ ഏജൻസികളുടെ പ്രവചനം. കോൺഗ്രസ് സഖ്യത്തിന് 20നും 36നും ഇടയിൽ സീറ്റുകളാണ് അവർ നൽകുന്നത്. അതേസമയം മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam