ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന്

By Web TeamFirst Published Jun 1, 2019, 6:29 AM IST
Highlights

നിലവിലെ സാഹചര്യത്തിൽ കോണ്‍ഗ്രസിലെ പ്രതിസന്ധിയിൽ നിര്‍ണായകമാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം. അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരടക്കം പാർലമെന്‍ററി പാർട്ടി യോഗത്തിലും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടും. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്.

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിയാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനിടെ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്ക് പാര്‍ലമെന്‍റിലാണ് യോഗം. രാഹുൽ ഗാന്ധിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളോട് ലോക്സഭാ നേതൃപദവി ഏറ്റെടുക്കാമെന്നാണ് രാഹുൽ മറുപടി നല്‍കിയത്.

നിലവിലെ സാഹചര്യത്തിൽ കോണ്‍ഗ്രസിലെ പ്രതിസന്ധിയിൽ നിര്‍ണായകമാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം. അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരടക്കം പാർലമെന്‍ററി പാർട്ടി യോഗത്തിലും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടും. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള ആലോചനകളും യോഗത്തിലുണ്ടായേക്കും.

രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിലും രാഷ്ട്രീയ നീക്കങ്ങളിൽ രാഹുൽ ഗാന്ധി സജീവമാണ്. രണ്ടാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ തന്നെ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ചകൾ നടത്തുന്നുണ്ട്.  ശരദ് പവാറിന്‍റെ ദില്ലിയിലെ വീട്ടിലെത്തി അദ്ദേഹം ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് എൻസിപി കോൺഗ്രസ് ലയനം ഉണ്ടാകും എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നെങ്കിലും എൻസിപി വക്താവ് നവാബ് മാലിക് ഇത് തള്ളിക്കളഞ്ഞിരുന്നു.

click me!