
ദില്ലി: കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി ഏർപ്പെടുത്തിയ മദ്യ വിലക്കിൽ അയവ് വരുത്തിയെന്ന് റിപ്പോർട്ടുകൾ. പാർട്ടി പ്രവർത്തകർ മദ്യം ഉപയോഗിക്കരുതെന്നായിരുന്നു ഭരണഘടനയിലെ വ്യവസ്ഥ. എന്നാൽ, ഈ വ്യവസ്ഥ ഒഴിവാക്കുന്നതിന് കോൺഗ്രസ് പാർട്ടി പ്ലീനറി സമ്മേളനം അനുമതി നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, മദ്യമല്ലാതെ മറ്റ് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരാനാണ് തീരുമാനം.
റായ്പൂരിൽ നടക്കുന്ന 85-ാം പ്ലീനറി സമ്മേളനത്തിൽ തീരുമാനം അംഗീകരിക്കും. കോൺഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) (സി) പ്രകാരം കോൺഗ്രസ് പാർട്ടിയിലെ ഒരംഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഭേദഗതി പ്രകാരം സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കരുത് എന്നാക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയുടെ നേതൃത്വത്തിൽ രൺദീപ് സുർജേവാല കൺവീനറായ ഭരണഘടനാ ഭേദഗതി കമ്മിറ്റിയാണ് മാറ്റം അവതരിപ്പിക്കുകയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
കോൺഗ്രസ് അംഗങ്ങൾ പാലിക്കേണ്ട ഒമ്പത് പ്രതിജ്ഞകളിൽ മാറ്റം വരുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബറിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും സംസ്ഥാന മേധാവികളുടെയും യോഗത്തിൽ എത്ര പേർ മദ്യപിക്കുന്നുവെന്ന് രാഹുൽ ചോദിച്ചിരുന്നു.
അതേസമയം, മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഭേദഗതി ചെയ്തതിൽ കോൺഗ്രസിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. പാർട്ടി അംഗങ്ങൾ മദ്യം ഉപയോഗിക്കരുതെന്ന ഭരണഘടനയിലെ വ്യവസ്ഥയിൽ മാറ്റം വരുത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ലഹരി പദാർത്ഥങ്ങളും, നിരോധിത മരുന്നുകളും ഉപയോഗിക്കുന്നതിൽ നിന്ന് അംഗങ്ങൾ വിട്ട് നിൽക്കണമെന്നാണ് പുതിയ ഭേദഗതി. ഈ പട്ടികയിൽ നിന്ന് മദ്യം ഒഴിവാക്കുകയും ചെയ്തു. എന്നാൽ ലഹരി വസ്തുക്കൾ എന്ന വാക്കിൽ മദ്യവും ഉൾപ്പെടുമെന്നുമാണ് കോൺഗ്രസിൻ്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam