ടിപ്പു സുൽത്താനോ വോഡയാറോ...; മൈസൂരു വിമാനത്താവളത്തിന് പേരിടൽ വിവാദമാകുന്നു, മിണ്ടാതെ സിദ്ധരാമയ്യയും ഡികെയും

Published : Dec 18, 2023, 12:32 AM IST
ടിപ്പു സുൽത്താനോ വോഡയാറോ...; മൈസൂരു വിമാനത്താവളത്തിന് പേരിടൽ വിവാദമാകുന്നു, മിണ്ടാതെ സിദ്ധരാമയ്യയും ഡികെയും

Synopsis

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജാഗ്രതയോടെയാണ് കോൺഗ്രസ് സർക്കാർ നീങ്ങുന്നത്. മുമ്പ് ടിപ്പു സുൽത്താൻ ജയന്തി വിപുലമായി ആഘോഷിച്ച സിദ്ധരാമയ്യ, ഇക്കുറി വലിയ ആഘോഷങ്ങൾ പുനരാരംഭിക്കാൻ ശ്രമിച്ചില്ലെന്നും ശ്രദ്ധേയം.

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകാനുള്ള കോൺ​ഗ്രസ് സർക്കാർ നീക്കം കർണാടകയിൽ വിവാദമായികുന്നു. സർക്കാർ നിർദേശത്തെ പ്രതിപക്ഷമായ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു. മന്ത്രി പ്രിയങ്ക് ഖാർ‌ഗെയാണ് മൈസൂരു വിമാനത്താവളത്തിന് മൈസൂർ രാജാവായിരുന്ന ടിപ്പുവിന്റെ പേരിടാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചത്. ശീതകാല സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബയ്യ വിഷയം ഉന്നയിച്ചു. ഭവന നിർമാണ മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ തുടങ്ങിയവർ നിർദ്ദേശത്തെ പിന്തുണക്കുകയും ചെയ്തു.  കഴിഞ്ഞ ബിജെപി സർക്കാർ ടിപ്പു എക്‌സ്‌പ്രസ് ട്രെയിനിന്റെ പേര് വോഡയാർ എക്‌സ്പ്രസ് എന്നാക്കിയിരുന്നു.

മൈസൂരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേര് നൽകാൻ പാർട്ടി ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. എംഎസ് എജുക്കേഷൻ അക്കാദമി ടിപ്പു സുൽത്താന് നൽകിയതായി കരുതപ്പെടുന്ന ‘മൈസൂരു കടുവ’ എന്ന വിശേഷണവും പാഠപുസ്തകങ്ങളിൽനിന്ന് ബിജെപി സർക്കാർ നീക്കം ചെയ്തു. സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നതും നിരോധിച്ചിരുന്നു.

2015ലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷം ആരംഭിച്ചത്. ഈ പശ്ചാത്തലത്തിൽ മൈസൂർ വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേരിടാൻ സിദ്ധരാമയ്യ സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. എന്നാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതികരിച്ചിട്ടില്ല.  ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സംസ്ഥാനത്തെ ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കാൻ ബിജെപി വിഷയം ഉപയോഗിക്കുമെന്നതിനാലാണ് ഇരുവരും മൗനം പാലിക്കുന്നത്. 

അതേസമയം, ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാൽ പൊതു ശൗചാലയത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന് പറഞ്ഞത് വിവാദമായി. മൈസൂരിലെ മുൻ ഭരണാധികാരി നൽവാടി കൃഷ്ണരാജ വോഡയാരുടെ പേര് വിമാനത്താവളത്തിന് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ടിപ്പു സുൽത്താനെക്കുറിച്ചാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതെന്ന് എംഎൽഎ യത്നാൽ പറഞ്ഞു. ടിപ്പു സുൽത്താൻ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊല്ലുകയും 4,000 ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്ത രാജാവായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ടിപ്പു സുൽത്താൻ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ടിപ്പു സുൽത്താൻ ഒരു മതേതര വ്യക്തിയായിരുന്നുവെന്നും വലതുപക്ഷക്കാർ അദ്ദേഹത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു മതഭ്രാന്തനായി ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ടിപ്പു  ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ചെയ്‌തുവെന്ന ആരോപണവും സിദ്ധരാമയ്യ നിഷേധിച്ചു. 

എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജാഗ്രതയോടെയാണ് കോൺഗ്രസ് സർക്കാർ നീങ്ങുന്നത്. മുമ്പ് ടിപ്പു സുൽത്താൻ ജയന്തി വിപുലമായി ആഘോഷിച്ച സിദ്ധരാമയ്യ, ഇക്കുറി വലിയ ആഘോഷങ്ങൾ പുനരാരംഭിക്കാൻ ശ്രമിച്ചില്ലെന്നും ശ്രദ്ധേയം. സംസ്ഥാനത്ത് ബിജെപിയും ജെഡിഎസും ഒരുമിച്ചതോടെ കോൺഗ്രസിനെതിരെ പ്രതിപക്ഷം കൂടുതൽ ശക്തമാണ്. മൈസൂരു വിമാനത്താവളത്തിന്റെ പേരുമാറ്റാനുള്ള നിർദ്ദേശം ഇതിനകം വിവാ​ദമായ സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയം പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം