'പ്രതികാര നടപടി', രാഹുൽ ഗാന്ധിക്കെതിരായ നീക്കം രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്

By Web TeamFirst Published Mar 19, 2023, 2:44 PM IST
Highlights

പൊലീസിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതാണെന്നും ഇത് രാഷ്ട്രീയ വിരോധം തീർക്കലാണെന്നത് വ്യക്തമാണെന്നും കോൺഗ്രസ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ  ദില്ലി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്. തന്നെ കണ്ട സ്ത്രീകളുടെ വിവരങ്ങൾ രാഹുൽ വ്യക്തമാക്കണമെന്ന വിചിത്രമായ ആവശ്യമാണ് ദില്ലി പൊലീസ് മുന്നോട്ട് വെക്കുന്നത്.  ഭാരത് ജോഡോ യാത്രക്കിടെ  ലക്ഷക്കണക്കിന് പേരെ രാഹുൽ കണ്ടിരുന്നു. ആ വ്യക്തികളുടെ  വിശദാംശങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ നൽകണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. പൊലീസിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതാണെന്നും ഇത് രാഷ്ട്രീയ വിരോധം തീർക്കലാണെന്നത് വ്യക്തമാണെന്നും കോൺഗ്രസ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

''ജനുവരി 30 ന് നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ 45 ദിവസങ്ങൾക്ക് ശേഷമാണ് തേടുന്നത്. പാർലമെൻറിലെ രാഹുലിൻ്റെ ആരോപണങ്ങളിലുള്ള പ്രതികാര നടപടിയാണിതെന്ന് വ്യക്തം. മറുപടി നൽകുമെന്നറിയിച്ചിട്ടും ഇന്ന് ഇത്തരമൊരു അന്തരീക്ഷമുണ്ടാക്കിയത് ബോധപൂർവമാണ്. പൊലീസ് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുമെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. 

ഇന്ത്യൻ സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടുന്നുവെന്നും പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് തന്നെ കണ്ട് അറിയിച്ചുവെന്നുമുള്ള  കശ്മീരിലെ  പ്രസംഗത്തില്‍ വിശദീകരണം തേടിയാണ് ദില്ലി പൊലീസ് രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയത്. രണ്ടുമണിക്കൂറോളം ദില്ലി പൊലീസ് വസതിയിലുണ്ടായിരുന്നുവെങ്കിലും രാഹുൽ പൊലീസിനെ കാണാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് നോട്ടീസ് കൈമാറി പൊലീസ് മടങ്ങി.

വീട്ടില്‍ ദില്ലി പൊലീസ്, കാണാന്‍ കൂട്ടാക്കാതെ രാഹുല്‍; രണ്ട് മണിക്കൂറിന് ശേഷം നോട്ടീസ് നല്‍കി മടക്കം

ഇന്ന് രാഹുലിന്റെ വസതിയിക്ക് മുന്നിൽ സംഭവിച്ചത്...

കഴിഞ്ഞ ജനുവരി മുപ്പതിന് ഭാരത് ജോ‍ഡോ യാത്രയുടെ സമാപന സമ്മേളനത്തിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ  പരാമര്‍ശത്തിന് പിന്നാലെ കൂടിയിരിക്കുകയാണ് ദില്ലി പൊലീസ്. രാവിലെ പത്തരയോടെ തുഗ്ലക്ക് റോഡിലെ രാഹുലിന്‍റെ വസതി പൊലീസ്  വളഞ്ഞു. പ്രസംഗത്തില്‍ പറഞ്ഞ സ്ത്രീകളുടെ വിശദാംശങ്ങള്‍, സംഭവം നടന്നത് എപ്പോള്‍? അവരെ പീഡിപ്പിച്ചവര്‍ക്കെതിരെ കേസ് എടുത്തോ?  തുടങ്ങിയ കാര്യങ്ങളാരാഞ്ഞ് രാഹുലിന്  ഒരു ചോദ്യാവലി ദില്ലി പോലീസ് നേരത്തെ നല്‍കിയിരുന്നു. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വീട്ടിലെത്തി മൊഴിയെടുക്കാനും ശ്രമിച്ചു. രാഹുല്‍ സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അംഗബലം വര്‍ധിപ്പിച്ചും, കേന്ദ്ര സേനയെ ഒപ്പം കൂട്ടിയും ഇന്ന്  ദില്ലി പൊലീസ് എത്തിയത്. പൊലീസ് വളഞ്ഞതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും, ദില്ലിയിലുള്ള എംപിമാരും രാഹുലിന്‍റെ വസതിയിലെത്തി. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയെ രാഹുല്‍ വിമര്‍ശിച്ചതിലുള്ള ഭീഷണിപ്പെടുത്തലാണെന്നും വഴങ്ങില്ലെന്നും അശോക് ഗലോട്ടും പ്രതികരിച്ചു. 

രണ്ട് മണിക്കൂറിലേറെ കാത്ത്  നിന്ന പൊലീസിനെ കാണാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മറ്റൊരു ഗേറ്റിലെത്തി വീടിനുള്ളിലേക്ക് കയറുമെന്ന സന്ദേശം പൊലീസ് നല്‍കി. ഈ സമയം പുറത്തെ വിന്യാസവും കൂട്ടി. പിന്നാലെ കമ്മീഷണറടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വീടിനുള്ളിലേക്ക് വിളിപ്പിച്ചു. രാഹുല്‍ ഗാന്ധിക്ക് പൊലീസ് പുതിയ നോട്ടീസ് നല്‍കി. പീഡനത്തിനിരയായെന്ന് പരാതിപ്പെട്ടവരില്‍, പ്രായപൂര്‍ത്തിയാകാത്തവരുണ്ടെങ്കില്‍ രാഹുലിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു. 

 

 


 

click me!