കോഴക്കണക്കുകളുള്ള യദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു

By Web TeamFirst Published Apr 15, 2019, 2:00 PM IST
Highlights

ബിജെപി നേതാക്കൾക്ക് 2000കോടി രൂപ നൽകിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകർപ്പ് കോൺഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു. ഡയറിയുടെ അസൽ പുറത്തുവിടാൻ ബിജെപി വെല്ലുവിളിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടത്. 

ബെംഗളൂരു: കോഴക്കണക്കുകൾ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു. മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കൾക്ക് 2000കോടി രൂപ നൽകിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകർപ്പ് കോൺഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച ബിജെപിയും യെദ്യൂരപ്പയും കോൺഗ്രസ് പുറത്തുവിട്ട പകർപ്പുകൾ വ്യാജമാണെന്ന് ആരോപിച്ചു. ഡയറിയുടെ അസൽ പുറത്തുവിടാൻ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇന്ന് യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടത്. 

ബിജെപി നേതാവും കര്‍ണാടക മുന്‍  മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ രൂപ നല്‍കിയതായി കാരാവൻ മാസിക വെളിപ്പെടുത്തിയിരുന്നു. തുടർന്ന്  ബിജെപി ദേശീയ നേതാക്കൾക്ക് വൻതുക കോഴ നൽകിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകൾ കോൺഗ്രസും പുറത്തുവിടുകയായിരുന്നു. മോദി, അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകൾ ഡയറിയിൽ ഉണ്ട്.

യെഡ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാൽ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും  കോൺഗ്രസ് ആവശ്യപ്പെട്ടു.

click me!