ബംഗാളിലെ ബിജെപി റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിന് കനത്ത മൂടൽമഞ്ഞ് കാരണം ലാൻഡ് ചെയ്യാനായില്ല. തുടർന്ന് വിർച്വലായി റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹം, അനധികൃത കുടിയേറ്റ വിഷയത്തിൽ മമത സർക്കാരിനെ വിമർശിച്ചു

കൊൽക്കത്ത: ബംഗാളിൽ ബിജെപി റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാൻ സാധിച്ചില്ല. കനത്ത മൂടൽമഞ്ഞാണ് പ്രതിസന്ധിയായത്. തുടർന്ന് ഹെലികോപ്റ്റർ കൊൽക്കത്ത വിമാനത്താവളത്തിലേക്ക് തിരികെ പോയി. നേരിട്ട് റാലിയെ അഭിസംബോധന ചെയ്യാൻ സാധിക്കാത്തതിൽ ജനത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി, പിന്നീട് വിർച്വലായി യോഗത്തിൽ പങ്കെടുത്തു.

എസ്ഐആറിനെ മമത ബാനർജി എതിർക്കുന്നത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബിജെപിക്ക് ഭരിക്കാൻ അവസരം തരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. തന്നെയും ബിജെപിയും തൃണമൂലിന് എതിർക്കാം, പക്ഷെ ബംഗാളിൻ്റെ വികസനത്തെ തടയരുതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

നാദിയ ജില്ലയിലെ തഹർപുറിൽ റാലിയിൽ പങ്കെടുക്കാൻ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി കൊൽക്കത്തയിൽ എത്തിയത്. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ തഹർപുറിൽ എത്താനായിരുന്നു ശ്രമം. എന്നാൽ കാലാവസ്ഥ തിരിച്ചടിയായതോടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ വന്ന വഴി തിരികെ പോയി. അതേസമയം മതുവ സമുദായവുമായി ബന്ധപ്പെട്ട സിഎഎ വിവാദത്തിൽ പ്രതികരിക്കാനാകാത്തതിനാലാണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കാതെ തിരികെ പോയതെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു.