
ദില്ലി : കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാർ ഹോട്ടല്‍ ആരോപണത്തില്‍ വിവാദം മുറുകുന്നു. സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഇത് തള്ളിയ സ്മൃതി ഇറാനി, ആരോപണം ഉന്നയിച്ച നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് തിരിച്ചടിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിയുടെ തന്നെ തന്നെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും പുറത്ത് വിട്ട് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
സ്മൃതി ഇറാനി മുൻപ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്ബ്ലോഗ്ഗർ ഹോട്ടലില്‍ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെളിവുകൾ പുറത്ത് വന്നിട്ടും സ്മൃതി ഇറാനി നുണ പറയുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ്, സ്മൃതി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ആവർത്തിക്കുന്നു.
കഴിഞ്ഞ ദിവസം ബാർ ഹോട്ടലിന് അധികൃതർ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഗോവയിലെ സില്ലി സോള്‍സ് ഗോവ ഹോട്ടലിന്റെ ഉടമസ്ഥത സംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയതാണെന്നാണ് ആരോപണം. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും മകളെയും തന്നെയും ആക്ഷേപിക്കുകയാണ് കോൺഗ്രസ് നേതാക്കളുടെ ഉദ്ദേശമെന്നും സ്മൃതി കുറ്റപ്പെടുത്തുന്നു. നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് കേന്ദ്ര മന്ത്രി.
READ MORE മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam