
ദില്ലി: കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ശബ്ദം അവഗണിക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. സർവ്വകലാശാല അവസാന വർഷ പരീക്ഷകൾ യുജിസി നിർദ്ദേശിച്ച സമയത്തു തന്നെ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി വിധി വരികയും നീറ്റ്-ജെഇഇ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷസംഘടനകൾ പ്രതിഷേധം തുടരുകയും ചെയ്യുന്നതിനിടെയാണ് സോണിയാ ഗാന്ധിയുടെ വീഡിയോ ട്വീറ്റ്.
'വിദ്യാർത്ഥികളാണ് നമ്മുടെ ഭാവി. മികച്ച ഇന്ത്യ കെട്ടിപ്പടുക്കാൻ അവരെയാണ് നാം ആശ്രയിക്കേണ്ടത്. അവരുടെ ഭാവി സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങളെടുക്കുകയാണെങ്കിൽ അത് അവരുടെ സമ്മതം കൂടി നേടിയാവണം'. സോണിയാ ട്വീറ്റ് ചെയ്തു.
സെപ്റ്റംബർ 30നുള്ളിൽ എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് പറഞ്ഞത്. യുജിസി ഉത്തരവ് മറികടന്ന് സംസ്ഥാനങ്ങൾക്ക് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ല. പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് യുജിസിയുടെ അനുമതി തേടാമെന്നും സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി.
അതിനിടെയാണ് നീറ്റ് - ജെഇഇ പരീക്ഷകൾക്കെതിരായി കോൺഗ്രസ് ഭരിക്കുന്നതടക്കം ഏഴ് സംസ്ഥാനങ്ങൾ മന്ത്രിമാരുടെ പേരിൽ സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ്, പുതുച്ചേരി,മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് കോടതിയിലെത്തിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ. എൻഡിഎ സഖ്യകക്ഷിയായ അണ്ണാഡിഎംകെയും നീറ്റ്, ജെഇഇ പരീക്ഷയ്ക്ക് എതിരാണ്. തമിഴ്നാട്ടിലിപ്പോൾ, പ്രവേശന പരീക്ഷകൾ നടത്താൻ അനുയോജ്യമായ സാഹചര്യമല്ല എന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞിരിക്കുന്നത്. ഇത്തവണ നീറ്റ് ഒഴിവാക്കണമെന്ന നിലപാടിൽ മാറ്റമില്ല. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പളനിസ്വാമി പറഞ്ഞു.
കൊവിഡ് രോഗവ്യാപനം പ്രതിദിനം എഴുപതിനായിരത്തിന് മുകളിൽ തുടരുമ്പോൾ പല സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കര്‍ശനമായി തുടരുകയാണ്. അതിനിടയിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. മാത്രമല്ല, വലിയ കൊവിഡ് വ്യാപനത്തിനും ഇത് കാരണമായേക്കാമെന്നും ഈ സംസ്ഥാനങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാനടത്തിപ്പിനെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്നലെ തുടങ്ങിയ എൻ.എസ്.യു.ഐ-യുടെ സത്യഗ്രഹ സമരവും തുടരുകയാണ്.
Read Also: 'യുജിസി പരീക്ഷ നടത്തട്ടെ', വിധിച്ച് സുപ്രീംകോടതി, നീറ്റ്, ജെഇഇക്കെതിരെ പ്രതിപക്ഷനീക്കം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam