ആംബുലന്‍സ് ഡ്രൈവര്‍ക്ക് സുഖമില്ല, പകരക്കാരനെ കിട്ടിയില്ല; രോ​ഗിയെ ആശുപത്രിയിൽ എത്തിക്കാൻ വളയം പിടിച്ച് ഡോക്ടർ

By Web TeamFirst Published Aug 28, 2020, 2:18 PM IST
Highlights

സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയുടെ നില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറുടെ ഇടപ്പെടൽ കാരണമാണ് അച്ഛന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് രോഗിയുടെ മകന്‍ പറയുന്നു. 

പൂനെ: കൊവിഡ് മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് ആരോ​ഗ്യപ്രവർത്തകർ. ഈ പ്രതിസന്ധിക്കിടയിലും മറ്റുള്ളവർക്ക് മാതൃക ആയിരിക്കുകയാണ് ഡോക്ടർ രണ്‍ജീത്ത് നികം. കൊവിഡ് ബാധിച്ച് അപകടാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലൻസ് ഓടിച്ചാണ് രണ്‍ജീത്ത് നികം മാതൃക ആയത്. 

മഹാരാഷ്ട്രയിലെ പൂനെയിൽ തിങ്കളാഴ്ചയാണ് സംഭവം. 71 വയസ്സ് പ്രായമുള്ള രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാനാണ് രണ്‍ജീത്ത് ഡ്രൈവറായത്. ആംബുലന്‍സ് ഡ്രൈവര്‍ക്ക് സുഖമില്ലാതാകുകയും പകരക്കാരനെ ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ഡോക്ടര്‍ സ്വയം ഡ്രൈവറായത്. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനായി മറ്റൊരു ഡോക്ടറും ആംബുലന്‍സില്‍  ഉണ്ടായിരുന്നു. 

ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് രോഗിയുടെ ആരോ​ഗ്യസ്ഥിതി മോശമായി. ഇതോടെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റാന്‍ അധികൃതർ നിശ്ചയിച്ചു. എന്നാല്‍, സുഖമില്ലാത്തതിനാല്‍ മരുന്ന് കഴിച്ച് വിശ്രമിച്ചിരുന്ന ആംബുലന്‍സ് ഡ്രൈവരെ ജോലി ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനെ വിളിച്ചെങ്കിലും ആ സമയത്ത് ലഭിച്ചതുമില്ല. ഇതോടെ വളയം പിടിക്കാൻ രണ്‍ജീത്ത് മുന്നോട്ട് വരികയായിരുന്നു.

അതേസമയം, സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയുടെ നില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറുടെ ഇടപ്പെടൽ കാരണമാണ് അച്ഛന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് രോഗിയുടെ മകന്‍ പറയുന്നു. സംഭവത്തിന്റെ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഡോക്ടറെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

click me!