Asianet News MalayalamAsianet News Malayalam

'യുജിസി പരീക്ഷ നടത്തട്ടെ', വിധിച്ച് സുപ്രീംകോടതി, നീറ്റ്, ജെഇഇക്കെതിരെ പ്രതിപക്ഷനീക്കം

യുജിസി തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. യുജിസി സംസ്ഥാനങ്ങളുടെ ആവശ്യം തള്ളിയാൽ, പരീക്ഷ നടത്താൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി. 

ugc exams can be held by september 30 rules supreme court
Author
New Delhi, First Published Aug 28, 2020, 11:18 AM IST

ദില്ലി: സെപ്റ്റംബർ 30-ന് അകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് സംസ്ഥാനങ്ങൾക്ക് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് യുജിസിയുടെ അനുമതി തേടാമെന്നും സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി. 

യുജിസി തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. യുജിസി സംസ്ഥാനങ്ങളുടെ ആവശ്യം തള്ളിയാൽ, പരീക്ഷ നടത്താൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി. നേരത്തേ തമിഴ്നാട് എല്ലാ അവസാനവർഷ യുജി, പിജി പരീക്ഷകൾക്കും റജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഓൾ പാസ് ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. പരീക്ഷാഫീസ് അടച്ചിട്ടുണ്ടെങ്കിൽ എല്ലാ വിദ്യാർത്ഥികളെയും കോഴ്സ് ഭേദമില്ലാതെ പാസ്സാക്കാനായിരുന്നു തീരുമാനം. എല്ലാ കോഴ്സുകൾക്കും ഇത് ബാധകവുമായിരുന്നു. ഈ തീരുമാനം സുപ്രീംകോടതിയുടെ ഉത്തരവോടെ റദ്ദായി.

കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 31 വിദ്യാര്‍ത്ഥികളും യുവസേന നേതാവ് ആദിത്യതാക്കറെ ഉൾപ്പടെയുള്ളവരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ പൂര്‍ത്തിയാക്കാൻ ശ്രമിക്കുന്നതെന്നാണ് യുജിസി സുപ്രീംകോടതിയെ അറിയിച്ചത്. പരീക്ഷ നടത്താനായി കോളേജുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അനുമതി നൽകിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.  

അതേസമയം, നീറ്റ് - ജെഇഇ പരീക്ഷകൾക്കെതിരായി ഏഴ് സംസ്ഥാനങ്ങൾ സംയുക്തമായി സുപ്രീംകോടതിയിൽ ഹർജി നൽകിയത് ശ്രദ്ധേയമായി. കോൺഗ്രസ് ഭരിക്കുന്നതടക്കം ഏഴ് സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെ പേരിൽ സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പശ്ചിമബംഗാൾ സർക്കാരും ഈ അണിയിൽ ചേരുന്നു. കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങൾ, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവയും, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമാണ് കോടതിയിലെത്തിയിരിക്കുന്നത്. 

സെപ്റ്റംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ. കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷപാർട്ടികളുടെ ഒരു സംയുക്തനീക്കം കോടതിയിൽ വരുന്നു എന്നതിന് കൃത്യമായ രാഷ്ട്രീയമാനങ്ങളുമുണ്ട്. 

എൻഡിഎ സഖ്യകക്ഷിയായ അണ്ണാഡിഎംകെയും നീറ്റ്, ജെഇഇ പരീക്ഷയ്ക്ക് എതിരാണ്. തമിഴ്നാട്ടിലിപ്പോൾ, പ്രവേശന പരീക്ഷകൾ നടത്താൻ അനുയോജ്യമായ സാഹചര്യമല്ല എന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇത്തവണ നീറ്റ് ഒഴിവാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പളനിസ്വാമി പറയുന്നു. 

നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാമാരി പടരുന്നുവെന്ന കാരണത്താൽ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തിൽ സ്തംഭിപ്പിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്. ആ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. പരീക്ഷ നടത്താൻ ഒരു മാസം കൂടി കാത്തിരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

കൊവിഡ് രോഗവ്യാപനം പ്രതിദിനം എഴുപതിനായിരത്തിന് മുകളിൽ തുടരുമ്പോൾ പല സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കര്‍ശനമായി തുടരുകയാണ്. അതിനിടയിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. മാത്രമല്ല, വലിയ കൊവിഡ് വ്യാപനത്തിനും ഇത് കാരണമായേക്കാമെന്നും ഈ സംസ്ഥാനങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

പരീക്ഷാനടത്തിപ്പിനെതിരെ കോൺഗ്രസ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കാനാണ് തീരുമാനം. ഇന്നലെ തുടങ്ങിയ എൻ.എസ്.യു.ഐ-യുടെ സത്യഗ്രഹ സമരവും തുടരുകയാണ്.

Follow Us:
Download App:
  • android
  • ios