കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

By Web TeamFirst Published Aug 26, 2020, 10:30 AM IST
Highlights

അതേസമയം കോണ്‍ഗ്രസില്‍ തന്നെ ഉയര്‍ന്ന എതിര്‍പ്പ് തണുപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം.സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഗുലാംനബി ആസാദിനെ വിളിച്ചു. 

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ  സംയുക്ത പ്രതിപക്ഷ നീക്കം സജീവമാക്കി സോണിയാ ഗാന്ധി. ജെഇഇ, നീറ്റ് പരീക്ഷ, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ കൂടിയാലോചനകള്‍ക്കായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും സമാന നിലപാടുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു. കോണ്‍ഗ്രസിന്‍റെ നാല് മുഖ്യമന്ത്രിമാര്‍ക്ക് പുറമെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവരും വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. കൊവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. നാളെ  നടക്കുന്ന ജിഎസ്ടി യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം കോണ്‍ഗ്രസില്‍ തന്നെ ഉയര്‍ന്ന എതിര്‍പ്പ് തണുപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം.സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഗുലാംനബി ആസാദിനെ വിളിച്ചു. കത്തിലുന്നയിച്ച കാര്യങ്ങളോട് യോജിപ്പെന്നും കത്തിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സോണിയയോട് മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടു. കത്ത് എഴുതിയവര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താനും ഒപ്പിടുമായിരുന്നെന്നും അയ്യര്‍ പറഞ്ഞു. 

സോണിയ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കത്ത് പരസ്യപ്പെടുത്തണമെന്ന് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു. ഭൂരിപക്ഷ വികാരം എതിരായെങ്കിലും  കത്തിനനുസരിച്ച് സംഘടന തലത്തില്‍ മാറ്റമുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.  പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഗാന്ധി കുടുംബം ആവര്‍ത്തിക്കുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മറ്റൊരാളെ പരിഗണിക്കുന്നില്ല. ക്രിയാത്മകമായ നേതൃത്വം പാര്‍ട്ടിക്ക് വേണമെന്ന കത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ്  കത്തെഴുതിയ നേതാക്കളുടെ നിലപാട്. 

കഴിഞ്ഞ രാത്രി ഗുലാം നബി ആസാദിന്‍റെ വീട്ടില്‍ ആനന്ദ് ശര്‍മ്മ, കപില്‍സിബല്‍, ശശിതരൂര്‍, മനീഷ്  തിവാരി തുടങ്ങിയ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. സോണിയഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നപ്പോഴാണ് കത്തെഴുതിയതെന്ന രാഹുല്‍ഗാന്ധിയുടെ നിലാപാട് നേതാക്കള്‍ തള്ളി. സോണിയാഗാന്ധി ആശുപത്രിയില്‍ നിന്ന് വന്ന ശേഷം അവരുടെ   ഓഫീസിന്‍റെ അനുമതിയോടെയാണ്  കത്ത് നല്‍കിയത്. ആ സമയം അവര്‍ ആരോഗ്യവതിയായിരുന്നുവന്നും ഗുലാം നബി ആസാദ് പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ എഐസിസി വിളിക്കാനുള്ള തീരുമാനം കത്തിന്‍റെ പശ്ചാത്തലത്തില്‍ എന്നാണ് നേതാക്കളുടെ വാദം.

click me!