
മുംബൈ: ബ്രിഹാൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം. മഹാ വികാസ് അഘാഡി സഖ്യം തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. ശിവസേന ഉദ്ദവ് താക്കറെ, എൻസിപി അജിത് പവാർ വിഭാഗങ്ങളുമായി സഖ്യമുണ്ടാകില്ലെന്ന് മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കി. മുംബൈയിൽ നടന്ന അഴിമതിയും ഭരണ പരാജയങ്ങളും വ്യക്തമാക്കുന്ന പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ വികസനം നാടിനാവശ്യമായ രീതിയിൽ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്താണ് നടന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുംബൈ നിവാസികളെ നേരിട്ട് ബാധിക്കുന്ന പ്രാദേശിക വിഷയങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഴിമതി, മലിനീകരണം, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ വികസനത്തിന്റെ അപര്യാപ്തതയിലും ഊന്നി നിന്നാവും പ്രചാരണമെന്നും അദ്ദേഹം മുംബൈയിൽ തെരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം വ്യക്തമാക്കി.
ബിഎംസിയിലേക്കും മറ്റ് 28 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ജനുവരി 15 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് വർഷമായി മുടങ്ങിക്കിടക്കുന്ന തെരഞ്ഞെടുപ്പാണ് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും പ്രാദേശിക തലത്തിൽ സഖ്യമുണ്ടാക്കാൻ ഡിസിസി അധ്യക്ഷന്മാർക്ക് അനുമതിയുണ്ട്. എങ്കിലും ഇത് ഇൻഡ്യ മുന്നണിയിലെ പാർട്ടികളുമായി മാത്രമേ നടത്താവൂ എന്നും നിബന്ധനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam