എസ്‌എൻസിയു യൂണിറ്റിലെ ഒരു കമ്പ്യൂട്ടർ മോണിറ്ററിന് താഴെ നിന്ന് ഭക്ഷണാവശിഷ്ടം കടിച്ച് ഓടി നടക്കുന്ന എലിയുടെ വീഡിയോ ആണ് പുറത്ത് വന്നത്. യൂണിറ്റിനുള്ളിലെ ഒരു മേശയിൽ വച്ചിരിക്കുന്ന വൈ-ഫൈ റൂട്ടറിന് മുകളിലൂടെ എലി കയറുന്നത് കാണാം.
ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റിൽ എലി. സംഭവം സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലെലാണ് സംഭവം. ആശുപത്രിയിലെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റിനുള്ളിൽ എലികൾ ഓടിക്കളിക്കുന്ന വീഡിയോ പുറത്ത് വന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അതീവ ജാഗ്രത വേണ്ട കുഞ്ഞുങ്ങളുടെ വിഭാഗത്തിൽ വൃത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇൻഡോറിലെ ഒരു ആശുപത്രിയിൽ എലിയുടെ കടിയേറ്റ് 2 കുഞ്ഞുങ്ങൾ മരിച്ചിരുന്നു.
ജനിച്ചയുടനെ അസുഖം ബാധിച്ച നവജാത ശിശുക്കളെ കിടത്തുന്ന എസ്‌എൻസിയു വാർഡിലാണ് എലികൾ പ്രത്യക്ഷപ്പെട്ടത്. എസ്‌എൻസിയു യൂണിറ്റിലെ ഒരു കമ്പ്യൂട്ടർ മോണിറ്ററിന് താഴെ നിന്ന് ഭക്ഷണാവശിഷ്ടം കടിച്ച് ഓടി നടക്കുന്ന എലിയുടെ വീഡിയോ ആണ് പുറത്ത് വന്നത്. യൂണിറ്റിനുള്ളിലെ ഒരു മേശയിൽ വച്ചിരിക്കുന്ന വൈ-ഫൈ റൂട്ടറിന് മുകളിലൂടെ എലി കയറുന്നത് കാണാം. ആളനക്കം കണ്ട് എലി ഭക്ഷണം താഴെയിട്ട് പെട്ടെന്ന് അപ്രത്യക്ഷമാകുന്നതും പുറത്ത് വന്ന വീഡിയോയിൽ ഉണ്ട്. പിന്നാലെ രണ്ട് എലികൾ കൂടി ഒന്നിനുപുറകെ ഒന്നായി ഓടുന്നതും കാണാം. അണുവിമുക്തവും തീവ്രപരിചരണവും വേണ്ട സ്ഥലത്ത് എലികളുള്ളത് ഗുരുതര വീഴ്ചയാണ്.
മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ എലികളുടെ പ്രശ്നം പുതിയതല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു (എംവൈ) ആശുപത്രിയിൽ മൂന്ന് മാസം മുമ്പ്, എൻഐസിയുവിൽ എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ചിരുന്നു. എലിയുടെ കടിയേറ്റതിനെ തുടർന്ന് കുഞ്ഞുങ്ങൾക്ക് ഗുരുതരമായ അണുബാധയുണ്ടായി. രണ്ട് ദിവസത്തിനുള്ളിൽ കുട്ടികൾ മരിച്ചു. സംഭവം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ജബൽപൂരിലെ വിക്ടോറിയ ആശുപത്രിയിലെ ഐസിയുവിലും ഓർത്തോപീഡിക് വാർഡിലും എലികൾ വിഹരിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സർദാർ വല്ലഭ് ഭായ് പട്ടേൽ ഗവൺമെന്റ് ജില്ലാ ആശുപത്രിയിലും കുട്ടികളുടെ വിഭാഗത്തിൽ എലികൾ പ്രത്യക്ഷപ്പെട്ടത്.


