
തിരുവനന്തപുരം: എല്‍.ഐ.സി,എസ്.ബി.ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. കേന്ദ്ര നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അറിയിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴില്‍ നിഷ്പക്ഷമായോ അല്ലെങ്കില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണം, നിക്ഷേപര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, എല്‍.ഐ.സി., എസ്.ബി.ഐ, മറ്റ് ബാങ്കുകൾ എന്നിവയെനിര്‍ബന്ധിച്ച് ആദാനി ഗ്രൂപ്പില്‍ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണം എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യങ്ങൾ. ഇവ ഉന്നയിച്ചാണ് ഫെബ്രുവരി 6ന് രാജ്യവ്യാപകമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ജില്ലാ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുകയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളായ എല്‍ഐസിയേയും എസ്.ബി.ഐയേയും മോദി സര്‍ക്കാര്‍ അദാനിക്ക് തീറെഴുതി. ഈ സ്ഥാപനങ്ങളില്‍ നിന്നും കോടി കണക്കിന് തുകയാണ് അദാനിയെ വഴിവിട്ട് സഹായിക്കുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനും അവരുടെ കമ്പനികളില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിച്ചതെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു.
അദാനി ഗ്രൂപ്പില്‍ എല്‍ഐസി 36474.78 കോടിയും ഇന്ത്യന്‍ ബാങ്ക്‌സ് ഏകദേശം 80000 കോടിയുമാണ് നിക്ഷേപിച്ചത്. രാജ്യത്തിന്റെ പൊതുമുതലും സമ്പത്തും അദാനിയെപോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനും കടമെടുക്കാനും മോദി സര്‍ക്കാര്‍ വിട്ടുകൊടുത്തു.അദാനിയെപോലുള്ള കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന നടപടികളാണ് മോദി സര്‍ക്കാരിന്റെത്. കേന്ദ്ര ബജറ്റില്‍ പ്രതിഫലിച്ചതും അതാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Read More : അദാനിക്ക് എസ്ബിഐ നൽകിയത് 21,000 കോടി രൂപ; വായ്പ കണക്കുകൾ പുറത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam