വെറും രണ്ട് സീറ്റ് തരാമെന്ന് തൃണമൂൽ കോൺ​ഗ്രസ്, ഞങ്ങൾ ഒറ്റയ്ക്ക് മത്സരിച്ചോളാമെന്ന് കോൺ​ഗ്രസ്; സിപിഎമ്മിനോടും കൂട്ടില്ല

Published : Feb 07, 2026, 04:15 PM IST
Congress flag

Synopsis

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത രണ്ട് സീറ്റുകൾ നിരസിച്ച പാർട്ടി, സിപിഎമ്മുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി.

കൊൽക്കത്ത: ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് കോൺ​ഗ്രസ്. തൃണമൂൽ കോൺ​ഗ്രസുമായി സഖ്യത്തിനില്ലെന്നും കോൺ​ഗ്രസ് അറിയിച്ചു. സഖ്യസാധ്യതകൾ ടിഎംസിയും തള്ളിയിരുന്നു. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹിയിൽ സന്ദർശിച്ചതിന് ശേഷമാണ് ബംഗാൾ പാർട്ടി നേതാക്കൾ പാർട്ടി പ്രഖ്യാപനം.

തൃണമൂൽ കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്ത രണ്ട് സീറ്റുകൾ അംഗീകരിക്കാനാവില്ലെന്ന് എഐസിസി ബംഗാൾ ചുമതലയുള്ള ഗുലാം അഹമ്മദ് മിർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രൂപരേഖയെക്കുറിച്ച് ചർച്ചകൾ നടന്നു. എല്ലാ നേതാക്കളും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. ഇത്തവണ ബംഗാൾ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ കാഴ്ചപ്പാട്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ദേശീയ നേതൃത്വം നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷവുമായി സഖ്യത്തിലാണ് കോൺ​ഗ്രസ് മത്സരിച്ചത്. 2016 ൽ 12.25% വോട്ട് വിഹിതത്തോടെ 44 സീറ്റുകൾ നേടിയെങ്കിലും അഞ്ച് വർഷത്തിന് ശേഷം വോട്ട് വിഹിതം 3% ആയി കുറഞ്ഞു. സഖ്യങ്ങളെ ആശ്രയിച്ചതിനാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംസ്ഥാനത്ത് കോൺഗ്രസിന് സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബംഗാളിൽ നിന്നുള്ള നേതാക്കൾ ഹൈക്കമാൻഡിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള തീരുമാനം ഫലം പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിക്കും. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ, പാർട്ടി അടിസ്ഥാനതലത്തിൽപുനരുജ്ജീവനത്തിന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷവുമായുള്ള പാർട്ടിയുടെ സഖ്യം ഫലം കണ്ടില്ലെന്ന് സമ്മതിച്ച ബംഗാൾ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് നിരീക്ഷകൻ സുദീപ് റോയ് ബർമൻ, ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം എടുത്തതെന്ന് പറഞ്ഞു. 2021 ൽ ഞങ്ങൾക്ക് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. ഇനി മോശമാകാൻ കഴിയില്ല, അതിനാൽ ഞങ്ങൾ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷവും കോൺഗ്രസുമായി സഖ്യത്തിന് താൽപ്പര്യം കാണിക്കുന്നില്ല. കോൺഗ്രസിന്റെ വോട്ട് വിഹിതം കുറയുന്നത് ബംഗാളിൽ ഒരു ബാധ്യതയായി സിപിഐ (എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം കൊൽക്കത്തയിൽ പറഞ്ഞു. എല്ലാ ടിഎംസി വിരുദ്ധ, ബിജെപി വിരുദ്ധ ശക്തികളും ഒന്നിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ കോൺഗ്രസ് ടിഎംസിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. അതിനാൽ, കോൺഗ്രസുമായി ഒരു സഖ്യവും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൈദരാബാദ് രൂപത ആർച്ച് ബിഷപ്പ് ആന്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷൻ; മാർ ആൻഡ്രൂസ് താഴത്ത് ഈ മാസം സ്ഥാനമൊഴിയും
2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിലേക്ക്; നാളെ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും