ബിജെപിയുടെ സോഷ്യൽ മീഡിയ കൺവീനറായി ദീപക് മസ്കെയെ നിയമിച്ചു. ദേശീയ ഭാരവാഹികളുടെ പട്ടികയിലാണ് മസ്കെ ഇടംപിടിച്ചത്. അമിത് മാളവ്യയ്ക്ക് പകരമായാണ് ദീപക് മസ്കെയുടെ നിയമനം.
ദില്ലി: ബിജെപിയുടെ സോഷ്യൽ മീഡിയ കൺവീനറായി ദീപക് മസ്കെയെ നിയമിച്ചു ദേശീയ നേതൃത്വം. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടികയിലാണ് 58കാരനായ മസ്കെ ഇടംപിടിച്ചത്. വർഷങ്ങളായി പാർട്ടിയുടെ ഐടി ഇൻചാർജ് സ്ഥാനം വഹിച്ചിരുന്ന അമിത് മാളവ്യയെ നീക്കിയാണ് മസ്കെയുടെ നിയമനം. പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുൺ യാദവ് എന്നിവരെ സോഷ്യൽ മീഡിയ സഹ കൺവീനർമാരായും നിയമിച്ചു.
ആരാണ് ദീപക് മസ്കെ?
ഛത്തീസ്ഗഡിലെ റായ്പൂർ സ്വദേശിയായ ദീപക് മസ്കെയ്ക്ക് പാർട്ടിയുടെ ഐടി ആൻ്റ് സോഷ്യൽ മീഡിയ സെല്ലിൽ 15 വർഷക്കാലത്തെ പ്രവൃത്തിപരിചയമുണ്ട്. ബിജെപിയുടെ മികച്ച വിജയം നേടിയ ബിഹാർ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മസ്കെ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ നേതൃത്വം നൽകിയിട്ടുണ്ട്.
ഛത്തീസ്ഗഡ് മെഡിക്കൽ സർവീസസ് കോർപറേഷനിൽ ക്യാബിനെറ്റ് പദവി വഹിച്ചിട്ടുള്ള ദീപക് മസ്കെ, നേരത്തെ സംസ്ഥാന ബിജെപിയുടെ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമഖലാ സ്ഥാപനമായ ബോർഡ് ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കർഷക കുടുംബത്തിൽപെട്ട ദീപക് മസ്കെ, ഏറെ വർഷക്കാലം കോളേജിൽ രസതന്ത്ര വിഭാഗത്തിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം മസ്കെ ഇതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ല. സഹോദരനായ തേജ് പ്രതാപ് മസ്കെ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്.
ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ
പഴയതും പുതിയതുമായി മുഖങ്ങളെ ഉൾപ്പെടുത്തി ബിജെപി പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കി. വസുന്ദര രാജെ, സ്മൃതി ഇറാനി, രാം മാധവ്, പിയുഷ് ഗോയൽ, ബൈജയന്ത് ജയ് പാണ്ഡ തുടങ്ങിയവർ പാർട്ടിയുടെ നിർണായക പദവികളിൽ ഇടംപിടിച്ചു. ദേശീയ പ്രസിഡൻ്റ് നിതിൻ നബീന് കീഴിൽ 13 ദേശീയ വൈസ് പ്രസിഡൻ്റുമാരെ ആണ് പാർട്ടി പുതിയതായി നിയമിച്ചിരിക്കുന്നത്.


