
ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തോടെ നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന നിലയിലേക്കുയർന്നു. രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലായിരുന്നു കോൺഗ്രസ് ഒറ്റക്ക് ഭരിച്ചിരുന്നത്. കർണാടകയിലെ ജയത്തോടെ അക്കൗണ്ട് വർധിപ്പിച്ചു. 2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയം ഊർജമായി. കഴിഞ്ഞ വർഷമാണ് ഹിമാചൽ പിടിച്ചെടുത്തത്. അതിന് മുമ്പ് വെറും രണ്ട് സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു കോൺഗ്രസിന്റെ ഭരണം.
കർണാടകയിലെ വിജയത്തോടെ ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ ഏറ്റവും ശക്തിയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന അവകാശവാദത്തിന് അരക്കിട്ടുറപ്പിക്കാനും സാധിച്ചു. ഇതോടെ പ്രതിപക്ഷ നിരയിലെ പ്രധാന പാർട്ടി തങ്ങളാണെന്ന് കോൺഗ്രസിന് ഇതര പാർട്ടികളെ ബോധ്യപ്പെടുത്താനും കഴിയും. കർണാടകക്ക് ശേഷം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. 2018ൽ മൂന്നിടത്തും കോൺഗ്രസ് ജയിച്ചെങ്കിലും മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ കാലുവാരിയതോടെ ഭരണം നഷ്ടമായി. രാജസ്ഥാനും ഛത്തീസ്ഗഢും നിലനിർത്താനും മധ്യപ്രദേശ് പിടിച്ചെടുക്കാനും കഴിഞ്ഞാൽ കോൺഗ്രസിന് വലിയ നേട്ടമാകും. എന്നാൽ രാജസ്ഥാനിലെ പാർട്ടിക്കുള്ളിലെ തമ്മിൽത്തല്ല് നേതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്.
അതേസമയം, തെരഞ്ഞെടുപ്പ് തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയിൽ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈവിട്ടു. ഇതോടെ ബിജെപി ദക്ഷിണേന്ത്യയിൽ ഒരിടത്തും അധികാരത്തിലില്ലാത്ത പാർട്ടിയായി. കർണാടക തെരഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെയാണ് ബിജെപി സമീപിച്ചത്. സംസ്ഥാനം നിലനിർത്താനായി നരേന്ദ്രമോദിയും അമിത് ഷായും രംഗത്തിറങ്ങി പ്രചാരണം കൊഴുപ്പിച്ചു. എന്നാൽ, ഫലം വന്നപ്പോൾ വെറും 65 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. 2018ലെ പ്രകടനം പോലും കാഴ്ചവെക്കാൻ സാധിച്ചില്ല.
2018ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും കോൺഗ്രസ്-ജെഡിഎസ് കൂട്ടുകെട്ടിൽ ആദ്യം ഭരണം നഷ്ടമായെങ്കിലും ഓപ്പറേഷൻ താമരയിലൂടെ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ അടർത്തിമാറ്റി ബിജെപി ഭരണം പിടിച്ചു. തുടർന്ന് പാർട്ടിക്കുള്ളിലെ പ്രശ്നം കാരണം മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി വെച്ചു; സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്ന് ആവർത്തിച്ച് ബൊമ്മൈ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam