'മുഖ്യമന്ത്രിയെ സഹായിക്കൂ, കമ്മീഷന്‍ നല്‍കൂ', ബെംഗളൂരുവിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബാർ കോഡ് പോസ്റ്ററുകൾ

By Manu SankarFirst Published Sep 21, 2022, 3:46 PM IST
Highlights

മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബാര്‍കോഡ് പോസ്റ്ററുകള്‍ കണ്ട് ഞെട്ടാതെ ബെംഗളൂരുവിലൂടെ ഇന്ന് ആരും സഞ്ചരിച്ച് കാണില്ല.

മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബാര്‍കോഡ് പോസ്റ്ററുകള്‍ കണ്ട് ഞെട്ടാതെ ബെംഗളൂരുവിലൂടെ ഇന്ന് ആരും സഞ്ചരിച്ച് കാണില്ല. നഗരത്തില്‍ പ്രധാനകേന്ദ്രങ്ങളില്‍ എല്ലാം ഈ ബാര്‍കോഡ് പോസ്റ്ററുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പേടിഎം പരസ്യം എന്നേ ആദ്യം ആരും തെറ്റിദ്ധരിക്കൂ. സൂക്ഷിച്ച് നോക്കുന്നതോടെ സംഭവം പിടികിട്ടും. paycm ക്യാംപെയ്ന്‍ ! ' 40 ശതമാനം സര്‍ക്കാര്‍ ' എന്ന തലക്കെട്ടോടെയാണ് പേ സിഎം പോസ്റ്ററുകള്‍. മുഖ്യമന്ത്രിയെ സഹായിക്കൂ, കമ്മീഷന്‍ നല്‍കൂ എന്ന പരിഹാസത്തോടെയാണ് പേസിഎം പോസ്റ്ററുകള്‍. 

കോണ്‍ഗ്രസാണ് പേസിഎം ക്യാംപെയ്നിന് പിന്നില്‍. 40percentsarkara.com എന്ന പേരിലുള്ള വെബ്സൈറ്റ് നേരത്തെ കോണ്‍ഗ്രസ് തുറന്നിരുന്നു. ബിജെപി സര്‍ക്കാരിലെ അഴിമതി അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്കായി ആണ് ഈ വെബ്സൈറ്റ്. തെളിവുകള്‍ ഉള്‍പ്പടെ വെബ്സൈറ്റില്‍ നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരാതി നല്‍കാന്‍ ഒരു ടോള്‍ഫ്രീ നമ്പറും വെബ്സൈറ്രില്‍ നല്‍കിയിട്ടുണ്ട്. 

കമ്മീഷന്‍ ആരോപണത്തിന്‍റെ പേരില്‍ മന്ത്രി ഈശ്വരപ്പ രാജിവച്ചതിന് പിന്നാലെയാണ് കമ്മീഷൻ വിവാദം സര്‍ക്കാരിനെതിരെ രൂക്ഷമായത്. സന്തോഷ് എന്ന കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയിരുന്നു. നാല്‍പ്പത് ശതമാനം കമ്മീഷന് എങ്കിലും നല്‍കാതെ ഒരു ബില്ലും കര്‍ണാടകയില്‍ പാസാവില്ലെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് സന്തോഷ് കത്തയിച്ചിരുന്നെങ്കിലും മന്ത്രിയുടെ രാജിക്കപ്പുറം കാര്യമായ നടപടിയോ അന്വേഷണമോ ഉണ്ടായില്ല. 

ബംഗളൂരു വികസന അതോറിറ്റി മുതല്‍ ഗ്രാമീണമേഖലയിലെ റോഡ് കരാറുകളില്‍ വരെ ഈ കമ്മീഷന്‍ നയം ഒരുമാറ്റവുമില്ലാതെ തുടരുന്നുവെന്ന ആരോപണം ശക്തമാണ്. സര്‍ക്കാരിന് 40 ശതമാനം കമ്മീഷനായി നല്‍കാതെ ഒന്നും നടക്കില്ലെന്ന് കോണ്‍ട്രാക്ര്‍മാരുടെ സംഘടന ചൂണ്ടികാട്ടുന്നു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ ബെംഗളൂരു വികസന അതോറിറ്റിക്ക് കീഴിലെ വീട് നിര്‍മ്മാണത്തിനായി 12.5 കോടി കമ്മീഷന്‍ വാങ്ങിയെന്ന പരാതിയില്‍ ലോകായുക്ത പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസ് എടുത്തത്. 

Read more: 'മൂന്ന് വർഷം പ്രണയിച്ചു ഇപ്പോൾ വിവാഹിതനായി', ക്രെഡിറ്റ് മുഴുവൻ ഈ ഗതാഗതക്കുരുക്കിന്, മഹത്തരമെന്ന് നെറ്റിസൺസ്

യെദിയൂരപ്പയുടെ മകനും ബിജെപി ഉപാധ്യക്ഷനുമായി വിജയേന്ദ്ര, ചെറുമകന്‍ ശശിധര്‍ മാറാഡി , മരുമകന്‍ വിരൂപാക്ഷ മാറാഡി എന്നിവരടക്കം ഒമ്പത് പേര്‍ക്ക് എതിരെയാണ് ലോകായുക്ത അന്വേഷണം. ചെറുമകന്‍ ശശിധര്‍ മാറാഡിയുടെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഷെല്‍കമ്പനികള്‍ വഴിയാണ് അന്ന് കമ്മീഷന്‍ വാങ്ങിയതെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെയും കേസ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അഴിമതി , കമ്മീഷന്‍ ആരോപണങ്ങള്‍ കര്‍ണാടകയില്‍ ചൂടേറിയ ചര്‍ച്ചയാവുകയാണ്. 
 

click me!