അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് അകത്തോ പുറത്തോ; നാളെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം

By Web TeamFirst Published Aug 23, 2020, 8:05 PM IST
Highlights

ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനെ വേണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
 

ദില്ലി: അധ്യക്ഷ സ്ഥാന ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കെ തിങ്കളാഴ്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരും.  പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 11ന് എഐസിസി പ്രവര്‍ത്തക സമിതി വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. കോണ്‍ഗ്രസിലെ നേതൃതര്‍ക്കമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളും ചര്‍ച്ച ചെയ്യും. 

ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനെ വേണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ചുമതലയൊഴിഞ്ഞ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനമേറ്റെടുക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. ഗാന്ധി കുടുംബത്തില്‍ നിന്നുതന്നെ പ്രസിഡന്റ് വേണമെന്ന് മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിംഗ് അടക്കം ആവശ്യമുന്നയിച്ചു. ഇടക്കാല പ്രസിഡന്റ് സ്ഥാനം സോണിയ ഗാന്ധി ഉടന്‍ ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. 

അതേസമയം, രാഹുല്‍ ഗാന്ധി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനി അധ്യക്ഷ സ്ഥാനത്തേക്ക് ആരും വരരുതെന്ന് വ്യക്തമാക്കിയാണ് രാഹുല്‍ രാജിവെച്ചത്. തുടര്‍ന്ന് സ്ഥാനമേറ്റെടുക്കാന്‍ വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദമുയര്‍ന്നെങ്കിലും രാഹുല്‍ വഴങ്ങിയില്ല. 

click me!