
ലഖ്നൗ: ഉത്തർപ്രദേശിലെ പീലിഭിത് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പതിനായിരത്തിലധികം വ്യാജ തിരുത്തലുകളും അപാകതകളും കണ്ടെത്തി. സംഭവത്തിൽ രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും കമ്പ്യൂട്ടർ അസിസ്റ്റന്റിനുമെതിരെ നിയമനടപടികൾക്ക് ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവദീപ് റിൻവ ഉത്തരവിട്ടു. മണ്ഡലത്തിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലെ കമ്പ്യൂട്ടർ അസിസ്റ്റന്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ഇവർ മൂന്ന് പേർക്കുമെതിരെ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇലക്ഷൻ ഓഫീസർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മെയ് 31 നും ഓഗസ്റ്റ് 29 നും ഇടയിൽ വോട്ടർമാരുടെ വിവരങ്ങൾ തിരുത്തുന്നതിനായി നൽകിയ ഫോം 8 അപേക്ഷകളിൽ 13,779 എണ്ണമാണ് കമ്പ്യൂട്ടർ അസിസ്റ്റന്റ് സിസ്റ്റത്തിൽ ചേർത്തത്. എന്നാൽ ഇതിൽ 10,470 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഓഫീസിൽ ഇതിന് ആധാരമായ ഭൗതിക ഫോമുകളോ അനുബന്ധ രേഖകളോ ലഭ്യമല്ലായിരുന്നുവെന്ന് കണ്ടെത്തി. വോട്ടർമാരുടെ വോട്ടർ ഐഡി നമ്പറുകൾ അതേപടി നിലനിർത്തി പേരും മറ്റ് വിവരങ്ങളും വ്യാജമായി തിരുത്തുകയായിരുന്നു.
സമാജ്‌വാദി പാർട്ടിയും കോൺഗ്രസും നൽകിയ പരാതികളെ തുടർന്നാണ് ചീഫ് ഇലക്ടറൽ ഓഫീസർ പ്രാദേശിക ഭരണകൂടത്തോട് അന്വേഷണ റിപ്പോർട്ട് തേടിയത്. ഏപ്രിൽ 10 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ തങ്ങളുടെ വിവരങ്ങൾ കൃത്യമായിരുന്നുവെന്നും എന്നാൽ പിന്നീട് പരിശോധിച്ചപ്പോൾ മറ്റ് പേരുകളാണ് കാണിക്കുന്നതെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകരും പ്രാദേശിക നേതാക്കളും പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാക്കൾ നടത്തിയ ബൂത്ത് തല പരിശോധനയിൽ പ്രധാനമായും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ വിവരങ്ങളിലാണ് ഇത്തരം അപാകതകൾ കണ്ടെത്തിയതെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളമുള്ള അസംബ്ലി മണ്ഡലങ്ങളിൽ വോട്ടർ പട്ടിക പരിശോധിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതോടെ വിഷയം രാഷ്ട്രീയമായി ചൂടുപിടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കി. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ബിജെപിയുടെ സഞ്ജയ് സിംഗ് ഗാംഗ്‌വാർ പിലിഭിത്ത് സീറ്റിൽ നിന്ന് 7,000 ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എസ്പി സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്തെത്തി. 2024ൽ, പിലിഭിത്ത് ലോക്‌സഭാ സീറ്റ് ബിജെപി ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലത്തിൽ വിജയം നേടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam