പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം 21 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍

By Web TeamFirst Published Sep 26, 2020, 1:15 PM IST
Highlights

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ അവസാനത്തെ പ്രസംഗത്തിലാണ് സ്പീക്കര്‍ ഇക്കാര്യം പറഞ്ഞത്.
 

ദില്ലി: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം 21 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ലോക് സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. ഇന്നലെപാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ അവസാനത്തെ പ്രസംഗത്തിലാണ് സ്പീക്കര്‍ ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്ററി സംവിധാനത്തില്‍ സഭയുടെ അന്തസും സ്പീക്കറും ഒരു പ്രധാന കാര്യമാണെന്ന് ലോക് സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. നമ്മുടെ ജനാധിപത്യത്തിന്റെ മുഖമാണ് ലോക്‌സഭയും രാജ്യസഭയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രികോണാകൃതിയില്‍ രണ്ട് നിലകളിലായിട്ടായിരിക്കും കെട്ടിടം നിര്‍മ്മിക്കുക. പുതിയതായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് കെട്ടിടത്തിന് ഏറ്റവും മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കുമെന്നും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതായും നിര്‍മ്മാണ കരാറില്‍ ഉള്‍പ്പെടുത്തിയെന്നും നഗരകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ ശിഖ മാതൃക നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എച്ച്സിപി ഡിസൈന്‍ ആന്റ് പ്ലാനിംഗ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിരുന്നു. 

60000 ചതുരശ്ര മീറ്റര്‍ വിസ്തീണമുള്ള സ്ഥലത്തായിരിക്കും പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുക. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 118 നമ്പര്‍ പ്ലോട്ടാണ് കണ്ടുവെച്ചിരിക്കുന്നത്. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

click me!