ഓപ്പറേഷൻ വേണ്ടിവന്നപ്പോൾ ഇൻഷുറൻസ് കമ്പനി വാക്കുമാറിയെന്ന് പരാതി; നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

Published : Jul 08, 2025, 10:27 AM IST
indian rupee cash

Synopsis

84,510 രൂപ പ്രീമിയം അടച്ച് എടുത്ത പോളിസിയിലാണ് സമയമായപ്പോൾ ക്ലെയിം നിഷേധിച്ചത്. 

ബംഗളൂരു: ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തിയ അഭിഭാഷകന് നാല് ലക്ഷം രൂപയിലധികം നഷ്ടപരിഹാരം നൽകാൻ വിധി. ബെംഗളൂരുവിലെ ഉപഭോക്തൃ കോടതിയാണ് ടാറ്റ എഐജി ഇൻഷുറൻസ് കമ്പനിക്കെതിരെ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

65 വയസ്സുകാരനായ കിരൺ എസ്. ജാവലി എന്ന് അഭിഭാഷകൻ 2022 ഫെബ്രുവരിയിലാണ് ടാറ്റാ എഐജിയുടെ മെഡികെയർ പോളിസി വാങ്ങിയത്. മുതിർന്ന പൗരന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ പോളിസിക്ക് മുൻകൂർ മെഡിക്കൽ പരിശോധനകൾ ആവശ്യമില്ലെന്ന് ഏജന്റ് ഉറപ്പുനൽകിയിരുന്നതായി അദ്ദേഹം പറയുന്നു. 84,510 രൂപ പ്രീമിയം അടച്ച് 2022 ഫെബ്രുവരി 14-നാണ് പോളിസി നിലവിൽ വന്നത്.

എന്നാൽ, മൂന്ന് മാസത്തിനുള്ളിൽ കിരണിന് കടുത്ത വേദനയും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടു. പിന്നീട് പ്രോസ്റ്റേറ്റ് വീക്കവും ആദ്യമായി രക്തസമ്മർദ്ദവും കണ്ടെത്തി. 2022 മെയ് മാസത്തിൽ മണിപ്പാൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. ക്യാഷ്‌ലെസ് ചികിത്സയ്ക്കായി അപേക്ഷിച്ചപ്പോൾ, ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചു. നിലവിലുള്ള രോഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയില്ല എന്നതായിരുന്നു നിരസിക്കാനുള്ള കാരണമായി പറഞ്ഞത്.

ക്യാഷ്‍ലൈസ് ചികിത്സ നിരസിച്ചത് കാരണം നാല് ലക്ഷം രൂപയുടെ ആശുപത്രി ബിൽ സ്വന്തമായി അടയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി. ക്ലെയിം തീർപ്പാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെത്തുടർന്ന്, സേവനത്തിലെ അപാകത ചൂണ്ടിക്കാട്ടി 2024 മെയ് 31-ന് അദ്ദേഹം നഗരത്തിലെ രണ്ടാം അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. ടാറ്റാ എഐജി ഏജന്റ് പോളിസിയുടെ ആനുകൂല്യങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പോളിസി ഉടമയ്ക്ക് നാല് വർഷമായി ഈ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും പോളിസിക്ക് അപേക്ഷിക്കുമ്പോൾ അത് വെളിപ്പെടുത്തിയില്ലെന്നും ടാറ്റാ എഐജി വാദിച്ചു. വസ്തുതാപരമായ വിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പോളിസി വ്യവസ്ഥകൾ കമ്പനി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഏജന്റ് വാക്കാൽ നൽകിയ ഉറപ്പുകൾ കമ്പനിക്ക് ബാധകമല്ലെന്നും നിലപാടെടുത്തു. നിലവിലുള്ള രോഗവിവരങ്ങൾ വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം അപേക്ഷകനാണെന്നായിരുന്നും കമ്പനിയുടെ വാദം.

പോളിസി ഉടമയുടെ പ്രായം കണക്കിലെടുക്കുമ്പോൾ മെഡിക്കൽ പരിശോധന നടത്തേണ്ടിയിരുന്നെന്നും അത് ഉണ്ടായില്ലെന്നും ടാറ്റാ എഐജി നിലപാടെടുത്തു. എന്നാൽ, പോളിസിക്ക് എടുക്കുമ്പോൾ തന്റെ രോഗങ്ങളെക്കുറിച്ച് അപേക്ഷകന് അറിവുണ്ടായിരുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മുതിർന്ന പൗരനായിരുന്നിട്ടും പ്രീ-പോളിസി മെഡിക്കൽ പരിശോധന നടത്താതിരുന്നതിന് കമ്മീഷൻ ഇൻഷുറൻസ് കമ്പനിയെയാണ് കുറ്റപ്പെടുത്തിയത്.

ടാറ്റാ എഐജി സേവനത്തിൽ വീഴ്ച വരുത്തുകയും അന്യായമായ വ്യാപാര രീതികൾ സ്വീകരിക്കുകയും ചെയ്തെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന് ഇൻഷുറൻസ് കമ്പനി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. പരാതിക്കാരൻ നോട്ടീസ് നൽകിയ കാലം മുതൽ ഈ തുകയുടെ ആറ് ശതമാനം പലിശ സഹിതമാണ് തുക നൽകേണ്ടത്. ഇതിന് പുറമെ പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവുകൾക്ക് വേണ്ടിവന്ന തുകയും നൽകാനും ഉത്തരവിട്ടു. 45 ദിവസത്തിനുള്ളിൽ ഉത്തരവ് പാലിച്ചില്ലെങ്കിൽ പ്രതിവർഷം എട്ട് ശതമാനം അധിക പലിശ നൽകേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'