മോഷ്ടാക്കൾ ഉപയോഗിച്ച ബൈക്കുകൾ ആന്ധ്ര രജിസ്ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. വിപിഎൻ ഉപയോഗിച്ചതിനാൽ അന്വേഷണം വഴിമുട്ടിയ സംഘത്തിന്, പ്രതികൾ ദിവസങ്ങളോളം പ്രദേശത്ത് തങ്ങി പദ്ധതിയിട്ടതായും വിവരം ലഭിച്ചു.

ഹുൻസൂര്‍: കർണാടകയിലെ ഹുൻസൂർ ജ്വല്ലറി കവർച്ചയിൽ അന്വേഷണം ആന്ധ്രയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. മോഷ്ടാക്കൾ എത്തിയത് ആന്ധ്രയിൽ രജിസ്റ്റർ ചെയ്ത ബൈക്കുകളിലാണ് എന്ന് കണ്ടെത്തിയതോടെയാണ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചത്. പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കേ സ്വർണവും ഡയമണ്ടും അടക്കം 10 കോടിയുടെ കവർച്ച നടത്തുക. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടും തുന്പില്ലാതെ പൊലീസ് നട്ടംതിരിയുക. ഹുൻസൂരിലെ സ്കൈ ഗോൾഡ് ആന്റ് ഡയമണ്ട്സിലെ കവർച്ചയിൽ വിമർശനം ശക്തമായതിന് പിന്നാലെയാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരിക്കുന്നത്.

കവർച്ചയ്ക്ക് ശേഷം പ്രതികൾ രക്ഷപ്പെട്ട ബൈക്കുകൾ ഒഎൽഎക്സ് മുഖേന വാങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തി. ആന്ധ്ര രജിസ്ട്രേഷനിലുള്ളതാണ് ഈ ബൈക്കുകൾ എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം കർണാടകത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരുക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. പ്രതികൾ ആന്ധ്ര സ്വദേശികളാണോ അതോ മറ്റെവിടെ നിന്നെങ്കിലും എത്തി ആന്ധ്രയിൽ നിന്ന് ബൈക്ക് സ്വന്തമാക്കിയതാണോ എന്നാണ് അന്വേഷിക്കുന്നത്.

ഈ സംശയം നിലനിൽക്കുന്നതിനാൽ, യുപി, ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിലും കർണാടക പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെ മൊബൈ‌‌ൽ ടവറുകൾ കേന്ദ്രീകരിച്ച് പ്രതികളിലേക്കെത്താൻ ശ്രമം നടത്തിയെങ്കിലും മോഷ്ടാക്കൾ വിപിഎൻ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയത് എന്ന് വ്യക്തമായതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. ഹുൻസൂരിലെ വിവിധ ലോഡ്ജുകളിൽ പ്രതികൾ ദിവസങ്ങളോളം താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ നിരീക്ഷണത്തിനൊടുവിലാണ് കവർച്ച നടത്തിയത് എന്നാണ് നിഗമനം. കണ്ണൂർ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഹുൻസൂരിലെ കവർച്ച നടന്ന സ്കൈ ഗോൾഡ് ആന്റ് ഡയമണ്ട്സ്.