സ്കൂൾ വാനിൽ ട്രെയിനിടിച്ച് അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, പത്തോളം കുട്ടികൾക്ക് പരിക്ക്, സംഭവം തമിഴ്നാട്ടില്‍

Published : Jul 08, 2025, 09:07 AM IST
train accident

Synopsis

അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

ചെന്നൈ: തമിഴ്നാട്‌ കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളുടെയും വാൻ ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്.

കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ചാരുമതി,  ചെഴിയൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ലെവൽ ക്രോസിൽ ഗേറ്റ്‌ അടയ്ക്കാൻ ജീവനക്കാരൻ മറന്ന് പോയതാണ് എന്നായിരുന്നു റെയിൽവേ വൃത്തങ്ങളുടെ ആദ്യം പ്രതികരണം. പിന്നീട് വാൻ ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയിൽവേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിൻ വരുംമുൻപ് വാൻ കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ഗേറ്റ്‌ അടയ്ക്കാൻ വൈകിയത് വാൻ ഡ്രൈവർ നിർബന്ധിച്ചതിനാലാണെന്ന് റെയിൽവേ അധികൃതര്‍ വാദിക്കുന്നു.

അപകടത്തിൽ ഖേദം അറിയിച്ച റെയിൽവേ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും. അപകടത്തിൽ തമിഴ്നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനും അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും, പരിക്കേറ്റ മറ്റുള്ളവർക്ക് 50,000 രൂപയും ധനസഹായം നല്‍കും.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം