
സബർകാന്ത: പേവിഷബാധയെന്ന് സംശയിക്കുന്ന എരുമയുടെ പാൽ കുടിച്ചു. ഗുജറാത്തിലെ ഇദറിൽ പരിഭ്രാന്തിയിൽ നാട്ടുകാർ. പേവിഷബാധയേറ്റു എന്ന് സംശയിക്കുന്ന എരുമയുടെ പാൽ കുടിച്ചതിനെത്തുടർന്ന് ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ വലിയ രീതിയിൽ ആശങ്ക പടരുന്നത്. ലാലോഡ ഗ്രാമത്തിൽ നിന്നുള്ള മുപ്പതോളം പേരാണ് വ്യാഴാഴ്ച ഇദാർ ഉപജില്ലാ ആശുപത്രിയിൽ എത്തി പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തത്. വിശാൽ പ്രഭു പട്ടേൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള എരുമ മാർച്ച് 5നാണ് ചത്തത്. ഏകദേശം ഒരാഴ്ചയോളമായി എരുമ അസുഖബാധിതയായിരുന്നു. എരുമ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തിയതായും തുടർച്ചയായി വായിൽ നിന്ന് ഉമിനീർ വരുന്നുണ്ടായിരുന്നതായും പരിശോധനയിൽ കണ്ടെത്തി. ഡോക്ടർമാർ പരിശോധിച്ച ശേഷം എരുമയ്ക്ക് പേവിഷബാധയാണെന്ന് സംശയിച്ചിരുന്നു.
എരുമ ചത്തതോടെ അതിന്റെ പാൽ കുടിച്ച ഗ്രാമവാസികൾ തങ്ങൾക്കും രോഗം ബാധിക്കുമോ എന്ന ഭയത്തിലാണ് ആശുപത്രിയിൽ എത്താൻ തുടങ്ങിയത്. എന്നാൽ പാലിലൂടെ പേവിഷബാധ പകരില്ലെന്നാണ് ഇദാർ സബ് ഡിസ്ട്രിക്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. സഞ്ജയ് കുമാർ ചൗഹാൻ വിശദമാക്കുന്നത്. സാധാരണയായി നായ കടിച്ചാലോ മറ്റോ ആണ് ഈ രോഗം പകരുന്നത്. പാൽ തിളപ്പിച്ചു കുടിക്കുന്നവർക്ക് പേടിക്കേണ്ട സാഹചര്യമില്ലെന്നും എങ്കിലും നാട്ടുകാരുടെ ഭീതി അകറ്റാനാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയതെന്നും ഡോ. സഞ്ജയ് കുമാർ ചൗഹാൻ വ്യക്തമാക്കി. മാസങ്ങൾക്ക് മുൻപ് എവിടെയെങ്കിലും വെച്ച് നായ കടിച്ചതിലൂടെയാകാം എരുമയ്ക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു. മുൻകരുതൽ നടപടിയായി ഗ്രാമത്തിലെ മറ്റ് മൃഗങ്ങൾക്കും ഇപ്പോൾ വാക്സിനേഷൻ നൽകി വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam