: ഡിആർഡിഒയിൽനിന്ന് ഡേറ്റ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. പുറത്തുവന്നത് തെളിവിന്റെ പിൻബലമില്ലാത്ത റിപ്പോർട്ടുകളാണെന്നും ഇപ്പോൾ സൈബർ ആക്രമണം നടന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ന്യൂഡൽഹി: ഡിആർഡിഒയിൽനിന്ന് ഡേറ്റ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. പുറത്തുവന്നത് തെളിവിന്റെ പിൻബലമില്ലാത്ത റിപ്പോർട്ടുകളാണെന്നും ഇപ്പോൾ സൈബർ ആക്രമണം നടന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഹാക്കർമാർ വിൽപ്പനയ്ക്ക് വെച്ചത് 2020-22 കാലത്ത് ചോർത്തിയ ചില രേഖകളാണ്. എന്നാൽ, ചോർന്നത് രഹസ്യവിവരങ്ങളൊന്നുമല്ല. പഴയ ഡേറ്റ പുതിയവിവരങ്ങളെന്ന് അവകാശപ്പെട്ട് വിൽക്കാനാണ് സൈബർ സംഘങ്ങൾ ശ്രമിക്കുന്നത്. തന്ത്രപ്രധാന വിവരങ്ങളൊന്നും ഈ രേഖകളിലില്ല. ഇതെല്ലാം സാമ്പത്തികനേട്ടത്തിനും ഭീതി പരത്താനുമുള്ള പ്രചാരണമാണെന്നും കേന്ദ്രത്തിന്റെ വിശദീകരണത്തിൽ പറയുന്നു.

ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർ​ഗനൈസേഷനു(ഡിആർഡിഒ)മായി ബന്ധപ്പെട്ട ഏകദേശം 31 ജിബി ഡേറ്റ ചോർന്നതായാണ് സംശയമുണ്ടായിരുന്നത്. ഇവ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 8000 ഡോളർ വരെ വിലയിട്ടിരുന്ന ഈ ഡേറ്റയുടെ സാംപിൾ പേജുകളും ഹാക്കർമാർ ഡാർക്ക് വെബ്ബിൽ ലഭ്യമാക്കിയതായും സൈബർ വിദ​ഗ്ധൻ ചൂണ്ടിക്കാട്ടിയിരുന്നു.