
ദില്ലി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ പോസ്റ്റിൽ കെപിസിസിക്കെതിരെ കോടതിയലക്ഷ്യ ഹർജി. അഭിഭാഷകൻ വിനീത് ജിൻഡാൽ, ശ്രീജേഷ് എസ് ആർ എന്നിവർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി. ചീഫ് ജസ്റ്റിസിന് ഇരുവരും നൽകിയ കത്ത് റിട്ട ഹർജി ആക്കി മാറ്റി കോടതി രജിസ്റ്റർ ചെയ്തു.
നേരത്തെ സുപ്രീംകോടതി അഭിഭാഷകന്‍റെ വക്കീൽ നോട്ടീസിന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മറുപടി നൽകിയിരുന്നു. പോസ്റ്റ് അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നും അത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമായിരുന്നു വിശദീകരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മാപ്പ് പറയുകയും ചെയ്തു. പോസ്റ്റിട്ട വ്യക്തിയെ ചുമതലയിൽ നിന്ന് നീക്കിയെന്നും മറുപടിയിൽ വ്യക്തമാക്കി. വിജയ് തോട്ടത്തിൽ എന്നയാളാണ് പോസ്റ്റിട്ടത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ്. കോൺഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക എക്സ് പേജിൽ ആണ് പോസ്റ്റ് വന്നത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള രോഷമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 'സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള്‍ കണ്ടെത്താം' എന്ന കുറിപ്പ് വിവാദമായതോടെ ഉടനടി പിൻവലിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam