'മോദിയുടെ ചിത്രമില്ല'; ലോക ചെസ് ഒളിമ്പ്യാഡ് പോസ്റ്ററില്‍ കൂട്ടിച്ചേര്‍ക്കല്‍, കറുത്ത പെയിന്‍റടിക്കല്‍; വിവാദം

By Web TeamFirst Published Jul 28, 2022, 11:39 AM IST
Highlights

 ബിജെപി പ്രവർത്തകർ കോട്ടൂർപുരത്തെ പ്രചാരണ പോസ്റ്ററുകളിൽ ഒട്ടിച്ച  മോദിയുടെ ചിത്രത്തിന് മുകളിൽ തന്തൈ പെരിയാർ ദ്രാവിഡർ കഴകം പ്രവർത്തകർ കറുത്ത പെയിന്‍റടിച്ചു.  തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്‍റെ മൂന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെന്നൈ: തമിഴ്നാട് മഹാബലിപുരത്ത് നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡ് പ്രചാരണ സാമഗ്രികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടുത്താത്തതിനെ ചൊല്ലി വിവാദം. ഇതിൽ പ്രതിഷേധിച്ച്  ബിജെപി പ്രവർത്തകർ കോട്ടൂർപുരത്തെ പ്രചാരണ പോസ്റ്ററുകളിൽ ഒട്ടിച്ച  മോദിയുടെ ചിത്രത്തിന് മുകളിൽ തന്തൈ പെരിയാർ ദ്രാവിഡർ കഴകം പ്രവർത്തകർ കറുത്ത പെയിന്‍റടിച്ചു.  

തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്‍റെ മൂന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെസ് ഒളിംപ്യാ‍ഡ്, ഡിഎംകെ സർക്കാർ  മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ പ്രചാരണ പരിപാടിയാക്കി മാറ്റുകയാണെന്നാണ് ബിജെപിയുടെ വിമർശനം. ഇന്നലെ രാത്രിയാണ് തന്തൈ പെരിയാർ ദ്രാവിഡർ കഴകം പ്രവർത്തകർ മോദിയുടെ ചിത്രങ്ങളിൽ കറുപ്പ് പൂശിയത്. 

Read Also: കാഴ്ചയില്ലെങ്കിലും തന്ത്രപരമായി കരുക്കള്‍ നീക്കി ചെക്ക് വിളിക്കും സ്വാലിഹ്

ചെസിന്‍റെ വിശ്വമാമാങ്കത്തിന് തമിഴ്നാട്ടിൽ ഇന്നാണ് തുടക്കം. ചെസ് ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിലെത്തും. വൈകിട്ട് 6 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഒളിംപ്യാഡ് ഉദ്ഘാടന പരിപാടികൾ അരങ്ങേറുക. നാൽപ്പത്തി നാലാമത് ലോക ചെസ് ഒളിംപ്യാഡിന് മഹാബലിപുരത്ത് തുടക്കമാകുമ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള പ്രമുഖർ വേദിയിൽ സന്നിഹിതരാകും. 

ലോക പൈതൃകപ്പട്ടികയിലെ ശിൽപ്പനഗരമായ മഹാബലിപുരത്തെ ബീച്ച് റിസോർട്ടാണ് പ്രധാനവേദി. സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത് 22000 പൊലീസുകാരെയാണ്. ചെന്നൈ വിമാനത്താവളത്തിന്‍റെ സുരക്ഷ എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. നഗരപരിധികളിൽ ഡ്രോണും ആളില്ലാവിമാനങ്ങളും പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഭക്ഷണം, യാത്ര, ആരോഗ്യരക്ഷാ സൗകര്യങ്ങൾ, കലാ, വിനോദ പരിപാടികൾ എല്ലാം സുസജ്ജം. വിവിധ ലോകഭാഷകൾ സംസാരിക്കുന്ന വോളണ്ടിയർമാർ സദാസമയവും തയ്യാറാണ്.

Read Also: ചെസ്സ് കളിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? വിദ​ഗ്ധർ പറയുന്നത്

187 രാജ്യങ്ങളിൽ നിന്നുള്ള ചെസ് താരങ്ങളാണ് ഇന്ത്യ ആദ്യമായി ആതിഥേയരാകുന്ന ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കുക. 187 ദേശീയ ചെസ് ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 343 ടീമുകളും 1700 ലധികം കളിക്കാരുമാണ് പതിനാല് നാൾ നീണ്ടുനിൽക്കുന്ന വിശ്വപോരാട്ടത്തിൽ ഏറ്റുമുട്ടുക. അക്ഷരാർത്ഥത്തിൽ ചെസിന്‍റെ മാമാങ്കമാണ് തമിഴകത്ത് ഉണരുന്നത്. ഒന്നിനും ഒരു കുറവും വരാതിരിക്കാൻ സൂക്ഷ്മശ്രദ്ധയോടെ തയ്യാറെടുപ്പുകളുമായി അവസാനവട്ടത്തിലും സംഘാടകർ രംഗത്തുണ്ട്. പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ളക്കുപ്പായവുമിട്ട ഭാഗ്യചിഹ്നം തമ്പി നഗരമെങ്ങും ഭൂമിയുടെ നാനാകോണിൽ നിന്നുമെത്തുന്ന കളിക്കാരെയും സംഘത്തെയും സ്വാഗതം ചെയ്യുകയാണ്. കൊവിഡ് വെല്ലുവിളികൾക്കിടെ നാലുമാസം കൊണ്ട് ഒരു വൻകിട അന്താരാഷ്ട്ര ഇവന്‍റ് സംഘടിപ്പിക്കാനായതിന്‍റെ ആത്മവിശ്വാസത്തിൽ സംഘാടകർ.

Read Also: ചെസ് കളിക്കുന്ന റോബോട്ട് കളിക്കിടെ കുട്ടിയുടെ കൈവിരല്‍ യന്ത്രക്കൈയാല്‍ അമര്‍ത്തിഞെരിച്ചു!

click me!