Asianet News MalayalamAsianet News Malayalam

ചെസ് കളിക്കുന്ന റോബോട്ട് കളിക്കിടെ കുട്ടിയുടെ കൈവിരല്‍ യന്ത്രക്കൈയാല്‍ അമര്‍ത്തിഞെരിച്ചു!

 റോബോട്ടിനൊപ്പം കളിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈവിരല്‍ ഇരുമ്പു കൈകളാല്‍ ഞെരിക്കുകയായിരുന്നു അത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 
 

Chess robot breaks boys finger during moscow open
Author
Moscow, First Published Jul 25, 2022, 7:07 PM IST

ചെസ് കളിക്കുന്ന റോബോട്ട് ഇപ്പോള്‍ അസാധാരണ സംഭവമല്ല. വിദേശ രാജ്യങ്ങളിലും മറ്റും പതിവാണ് റോബോട്ടുകളോടൊപ്പമുള്ള കളി. എന്നാല്‍, അത്തരമൊരു റോബോട്ടിന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിതമായ നീക്കം അസാധാരണമായ ഫലമാണ് റഷ്യയിലുണ്ടാക്കിയത്. അവിടെ നടന്ന ഒരു ചെസ് മല്‍സരത്തില്‍, ഒട്ടും പ്രതീക്ഷിക്കാത്ത വിധമാണ് റോബോട്ട് പെരുമാറിയത്. റോബോട്ടിനൊപ്പം കളിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈവിരല്‍ ഇരുമ്പു കൈകളാല്‍ ഞെരിക്കുകയായിരുന്നു അത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

കഴിഞ്ഞ ആഴ്ച മോസ്‌കോയില്‍ നടന്ന മോസ്‌കോ ചെസ് ഓപ്പണിലായിരുന്നു ഈ സംഭവം. കൡക്കാരോട് 
മല്‍സരിക്കാനായി സംഘാടകര്‍ പ്രത്യേകം വാടകയ്ക്ക് എടുത്തതായിരുന്നു ഈ റോബോട്ടിനെ. കളി തുടങ്ങിയപ്പോള്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കുറേ കഴിഞ്ഞപ്പോള്‍ കുഴപ്പമുണ്ടായി. 

ഏഴ് വയസ്സുള്ള കുട്ടിയായിരുന്നു ആ കളിയില്‍ റോബോട്ടിന്റെ എതിരാളി. കളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ കുട്ടി ഒരു കരുനീക്കം നടത്തി. പിന്നീട് റോബോട്ടിന്റെ കളിയായിരുന്നു. അതിനിടയില്‍, പൊടുന്നനെ റോബോട്ട് കുട്ടിയുടെ കൈ പിടിച്ചു വെക്കുകയായിരുന്നു. കുട്ടിയുടെ കൈവിരല്‍ റോബോട്ടിന്റെ യന്ത്രക്കൈയില്‍ ഞെരിഞ്ഞമര്‍ന്നു. അതോടെ കുട്ടി പെട്ടു. സംഘാടകരും റോബാട്ടിനൊപ്പമുണ്ടായിരുന്ന ഓപ്പറേറ്റര്‍മാരും കിണഞ്ഞു ശ്രമിച്ചാണ്, റോബോട്ടിന്റെ യന്ത്രക്കൈയില്‍നിന്നും കുട്ടിയുടെ കൈ പുറത്തെടുത്തത്. തുടര്‍ന്ന്, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യത്തിന് വലിയ പരിക്കൊന്നും സംഭവിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന്, കുട്ടി അടുത്ത തന്റെ കളി കൂടി പിറ്റേന്ന് കളിച്ചശേഷമാണ് സ്ഥലം വിട്ടതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. 

കുട്ടിയുടെ ഭാഗത്തുനിന്നുള്ള തെറ്റായൊരു നീക്കമാണ് റോബോട്ടിനെ കൊണ്ട് കടുംകൈ കാണിച്ചതെന്നാണ് സംഘാടകര്‍ പറയുന്നത്. കുട്ടിയുടെ ഒരു കളി കഴിഞ്ഞ് റോബോട്ടിന്റെ ഊഴമായിരുന്നു. ആ മൂവ് കഴിയുന്നത് വരെ കാത്തുനില്‍ക്കാതെ കുട്ടി അടുത്ത കളിക്ക് ശ്രമിച്ചപ്പോഴാണ്, റോബോട്ട് ഇരുമ്പു കൈകളാല്‍ കുട്ടിയുടെ കൈയില്‍ മുറുക്കെ പിടിച്ചതെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍, കളിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ് ഈ കളി നടന്നതെന്നാണ് വിമര്‍ശനം. 

ഇത്തരം കളികള്‍ക്ക് ഉപയോഗിക്കുന്ന റോബോട്ടുകള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാറില്ലെന്ന് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരമായി, വ്യവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന റോബോട്ടുകള്‍ക്ക് മനുഷ്യന്റെ സാമീപ്യം തിരിച്ചറിഞ്ഞ് ഉടന്‍ പ്രതികരിക്കുന്ന സെന്‍സര്‍ സംവിധാനം വെക്കാറില്ല. അടുത്തു വരുന്ന മനുഷ്യരെ തിരിച്ചറിയാന്‍ ഇതുകാരണം റോബോട്ടുകള്‍ക്ക് കഴിയാറില്ല. അതായത്, നിങ്ങള്‍ റോബോട്ടിന്റെ വഴിയില്‍ ചെന്നുനിന്നാലും നിങ്ങള്‍ അവിടെയുണ്ടെന്ന് റോബോട്ടുകള്‍ക്ക് തിരിച്ചറിയാനാവില്ല. 

ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പലപ്പോഴും റോബോട്ട് ദുരന്തങ്ങള്‍ക്ക് വഴിതെളിയിക്കുന്നത്. 1979-ലാണ് അത്തരം ഒരു സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫോര്‍ഡ് ഫാക്‌റിയിലെ ജോലിക്കാരനായ റോബര്‍ട്ട് വില്യംസ് എന്നയാളാണ് അന്ന് ഒരു റോബോട്ടിന്റെ യന്ത്രക്കൈയാല്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നും പ്രതിവര്‍ഷം ഇത്തരത്തിലുള്ള ഒരു അപകടമെങ്കിലും സംഭവിക്കുന്നതായാണ് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഈ ചെസ് റോബോട്ടിനെ സംബന്ധിച്ചിടത്തോളം ചെസിലെ കരുക്കള്‍ നീക്കുക മാത്രമാണ് അതിന്റെ പണി. 
സമീപത്തുവരുന്ന മനുഷ്യരുടെ കൈകളോട് പ്രതികരിക്കേണ്ട ആവശ്യം അതിനില്ല. അല്ലെങ്കില്‍, ആ തരത്തിലായിരിക്കണം അതിന്റെ പ്രവര്‍ത്തനം ഉണ്ടാവേണ്ടത്. എന്നാല്‍, റോബോട്ടിന്റെ ഡിസൈനര്‍ ഇക്കാര്യം പരിഗണിക്കുകയോ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടി എടുക്കുകയോ ചെയ്തില്ല എന്നാണ് വിമര്‍ശനം ഉയരുന്നത്. മനുഷ്യര്‍ക്ക് പരിക്കുണ്ടാവാത്ത തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയാവണം ഇത്തരം റോബോട്ടുകള്‍ നിര്‍മിക്കപ്പെടേണ്ടത്. അത്തരം സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം അപകടം ഒഴിവാക്കാമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 
 

Follow Us:
Download App:
  • android
  • ios