
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും (പ്രതിദിനം 25-27 ലക്ഷം ബാരൽ) ഈ പാതയിലൂടെയാണ് എത്തുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ, റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായുള്ള ചർച്ചകളെത്തുടർന്ന് അടുത്ത കാലത്തായി റഷ്യൻ എണ്ണയുടെ അളവ് ഇന്ത്യ കുറച്ചിരുന്നെങ്കിലും, നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് റഷ്യൻ എണ്ണയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.
ഏഷ്യൻ സമുദ്രമേഖലയിൽ ഇപ്പോൾ ലഭ്യമായ ഏകദേശം ഒരു കോടി ബാരലോളം വരുന്ന റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിന്‍റെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണെന്നിരിക്കെ, ഹോർമുസ് പാതയിലെ തടസം രാജ്യത്തെ ഇന്ധന വിലയെയും ലഭ്യതയെയും സാരമായി ബാധിച്ചേക്കാം. നിലവിൽ പത്ത് ദിവസത്തേക്കുള്ള എണ്ണ ശേഖരവും തന്ത്രപ്രധാനമായ പെട്രോളിയം റിസർവുകളും ഇന്ത്യയ്ക്കുണ്ടെങ്കിലും, പ്രതിസന്ധി നീണ്ടുപോയാൽ ഇത് തികയില്ല. ഈ സാഹചര്യത്തിൽ അമേരിക്ക, പശ്ചിമാഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. പെട്രോളിയം മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ധന ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എണ്ണയേക്കാൾ ഉപരിയായി എൽപിജി, എൽഎൻജി വിതരണത്തിലാണ് ഇന്ത്യ കൂടുതൽ ആശങ്കപ്പെടുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന പാചകവാതകത്തിന്‍റെ 80-85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്, ഇതിൽ ഭൂരിഭാഗവും വരുന്നത് ഹോർമുസ് പാതയിലൂടെയാണ്. ക്രൂഡ് ഓയിലിനെപ്പോലെ എൽപിജിക്ക് വലിയ തോതിലുള്ള തന്ത്രപ്രധാന ശേഖരം ഇന്ത്യയ്ക്കില്ല എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് അടച്ചിടുകയാണെങ്കിൽ രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതിസന്ധി നീണ്ടാൽ എൽപിജി നൽകുന്നതിന് പരിധി ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam