
ദില്ലി: ട്രെയിൻ യാത്രയ്ക്കിടെ ഇലക്ടിക് കെറ്റിൽ ഉപയോഗിച്ച് നൂഡിൽസ് പാചകം ചെയ്ത സ്ത്രീക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് സെൻട്രൽ റെയിൽവേയുടെ അറിയിപ്പ്. ഭക്ഷണം പാചകം ചെയ്ത സ്ത്രീക്കും ദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്ത യൂട്യൂബ് ചാനലിനുമെതിരെ നടപടി സ്വീകരിക്കും. നിയമവിരുദ്ധവും ശിക്ഷാർഹവും അപകടകരവുമായ ഇത്തരം പ്രവണതകളിൽ നിന്ന് യാത്രക്കാർ മാറിനിൽക്കണമെന്നും റെയിൽവേ അഭ്യർത്ഥിച്ചു. മഹാരാഷ്ട്രയിലെ ട്രെയിൻ യാത്രക്കിടെ എസി കംപാർട്മെന്റിൽ വച്ച് ഒരു സ്ത്രീ നൂഡിൽസ് തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കെറ്റിൽ ഉപയോഗിച്ച് 15 പേർക്ക് ചായ തയ്യാറാക്കി നൽകിയെന്ന് സ്ത്രീ പറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇത് വൈറലായതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു.