
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന സൂരജ്കുണ്ഡ് മേളയിൽ 'സുനാമി സ്വിംഗ്' തകർന്നു വീണുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മേളയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാൽവാൽ പൊലീസ് ലൈൻസിലെ ഇൻസ്പെക്ടർ ജഗദീഷ് പ്രസാദാണ് മരിച്ചത്. 13 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരം ഏകദേശം 6:15നായിരുന്നു അപകടം.ഏകദേശം 15 പേർ ഊഞ്ഞാലിൽ യാത്ര ചെയ്യവേ, അതിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വായുവിൽ വെച്ച് മറിഞ്ഞ് നിലത്തേക്ക് പതിക്കുകയായിരുന്നു. ഊഞ്ഞാൽ തകർന്നു വീഴുമ്പോൾ അവിടെയുണ്ടായിരുന്നവരെ രക്ഷിക്കാൻ ജഗദീഷ് പ്രസാദ് ധീരമായി ശ്രമിച്ചുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ശ്രമത്തിനിടയിൽ അദ്ദേഹത്തിന്റെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത മാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ഈ ദാരുണാന്ത്യം.
അപകടത്തെത്തുടർന്ന് മേള നഗരി പൂർണ്ണമായും ഒഴിപ്പിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് ആയുഷ് സിൻഹയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഹരിയാന മുഖ്യമന്ത്രി നായബ് സൈനി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ജനുവരി 31-ന് ആരംഭിച്ച മേള ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam