
ചെന്നൈ: ആവശ്യപ്പെട്ട വിഭവം ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലില്‍ പ്രശ്നങ്ങളുണ്ടാക്കി പൊലീസുകാര്‍. ചെന്നൈ താംബരത്തെ ഒരു റെസ്റ്ററെന്‍റിലാണ് സംഭവം. വെജിറ്റേറിയൻ ഹോട്ടലില്‍ കയറി ചിക്കന്‍, എഗ്ഗ് ഫ്രൈഡ് റൈസ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനാണ് പൊലീസുകാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. കോണ്‍സ്റ്റബിള്‍മാരായ രണ്ട് പൊലീസുകാര്‍ ഒരുമിച്ചാണ് ഹോട്ടലില്‍ എത്തിയത്. അവര്‍ ആദ്യം ചിക്കൻ ഫ്രൈഡ് റൈസ് ചോദിച്ചപ്പോള്‍ ചിക്കൻ വിഭവങ്ങള്‍ ഇല്ലെന്ന് ഹോട്ടല്‍ ജീവനക്കാരൻ മറുപടി നല്‍കി.
ഇതോടെ പൊലീസുകാര്‍ എഗ്ഗ് ഫ്രൈഡ് റൈസ് ചോദിച്ചു. അതും ഇല്ലെന്ന് പറഞ്ഞതോടെ പൊലീസുകാര്‍ വഴക്കുണ്ടാക്കുകയായിരുന്നു. വെജിറ്റബിള്‍ മെനുവില്‍ ഉള്‍പ്പെടുന്നതാണ് മുട്ടയെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രശ്നം ഉണ്ടാക്കിയത്. തങ്ങള്‍ ആവശ്യപ്പെട്ട വിഭവം കിട്ടുന്നത് വരെ ഹോട്ടലില്‍ നിന്ന് പോകില്ലെന്ന് പൊലീസുകാര്‍ പറഞ്ഞു. പൊലീസുകാര്‍ യൂണിഫോമില്‍ അല്ലായിരുന്നുവെന്നും മദ്യപിച്ചാണ് ഹോട്ടലില്‍ എത്തിയതെന്നും ആരോപണമുണ്ട്.
വാക്കുത്തര്‍ക്കം രൂക്ഷമായതോടെ ഹോട്ടല്‍ ജീവനക്കാരെ പൊലീസുകാര്‍ മര്‍ദ്ദിക്കുകയും ഹോട്ടല്‍ തകര്‍ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ പൊലീസില്‍ വിവരം അറിയിച്ചത്. സേലയൂര്‍ സ്റ്റേഷനില്‍ നിന്ന് എത്തിയവര്‍ പൊലീസുകാരെയും ഹോട്ടല്‍ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഹോട്ടല്‍ മാനേജ്മെന്‍റ് ഔദ്യോഗികമായി പരാതി നല്‍കാത്തതിനാല്‍ പൊലീസുകാരെ മുന്നറിയിപ്പ് നല്‍കിയ ശേഷം വിട്ടയച്ചുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ഹോട്ടലിലെ സംഭവങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ താംബരം പൊലീസ് കമ്മീഷണറേറ്റ് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ മാസം ഭക്ഷണം സൗജന്യമായി നൽകാത്തതിന് റെസ്റ്റോറന്റ് ഉടമയുടെ ദേഹത്ത് ചൂടുള്ള എണ്ണ ഒഴിച്ചതിന് അഞ്ച് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മടമ്പാക്കത്തെ അണ്ണാനഗർ മെയിൻ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയെ ആക്രമിച്ചപ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam