
ചെന്നൈ: ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിൻ എയറോസ്പേസ് രംഗത്തേക്ക്. സാൻറിയാഗോ മാർട്ടിൻറെ മാർട്ടിൻ ഫെഡറേഷൻ നേതൃത്വം നൽകിയ സ്വകാര്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്നു. സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് സോൺ ഇന്ത്യയുമായും ഡോ.എപിജെ അബ്ദുൽ കലാം ഇൻറർനാഷണൽ ഫൗണ്ടേഷനുമായും സഹകരിച്ചായിരുന്നു വിക്ഷേപണം. 150 പേ ലോഡുകളായിരുന്നു റോക്കറ്റിൽ ഉണ്ടായിരുന്നത്.
പുലർച്ചെ എട്ടരയോടെ മഹാബലിപുരത്തുനിന്ന് 150 പേലോഡുകളുമായി ഡോ.എപിജെ അബ്ദുൽ കലാം സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിൾ എന്ന് പേരിട്ട ചെറുറോക്കറ്റ് ആകാശത്തേക്ക് ഉയർന്നു. ആറ് കിലോമീറ്റർ ഉയരത്തിലുള്ള സബ് ഓർബിറ്റിൽ പേലോഡുകളെ എത്തിക്കാനായിരുന്നു ദൗത്യം ലക്ഷ്യമിട്ടത്. പരീക്ഷണാടിസ്ഥാനത്തിൽ നടന്ന ഇത്തരത്തിലെ ആദ്യ സ്വകാര്യ വിക്ഷേപണമായിരുന്നു ഇത്. ആറ് മിനുട്ടുകൊണ്ട് ലക്ഷ്യമിട്ട ഉയരത്തിൽ കൃത്യമായി പേ ലോഡുകളെ എത്തിക്കാനായെന്നും നിശ്ചിത സമയം ആകാശത്ത് നിലനിർത്തിയ ഇവയുമായി ബന്ധം സ്ഥാപിക്കാനായെന്നും നിർമാതാക്കൾ അവകാശപ്പെട്ടു. ഭാവിയിൽ രാജ്യത്തിൻറെ ബഹിരാകാശ ഗവേഷക രംഗത്തിന് മുതൽക്കൂട്ടാകേണ്ട കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്താനും അവർക്ക് സാങ്കേതിക വിദ്യകളുമായി പരിചയിക്കാനുമുള്ള അവസരമാണിതെന്ന് ഇസ്രോ സാറ്റലൈറ്റ് സെൻറർ മുൻ ഡയറക്ടർ പദ്മശ്രീ മയിൽസ്വാമി അണ്ണാദുരൈ പറഞ്ഞു.
പേലോഡുകളുടേയും റോക്കറ്റിൻറേയും രൂപകൽപ്പനയിലും നിർമാണത്തിലും രാജ്യത്തിൻറെ വിവിധ ഭാഗത്തുനിന്ന് തെരഞ്ഞെടുത്ത അയ്യായിരത്തോളം സ്കൂൾ വിദ്യാർത്ഥികൾ പങ്കാളികളായെന്നും നിർമാതാക്കൾ പറഞ്ഞു. മഹാബലിപുരത്ത് നടന്ന ചടങ്ങിൽ തെലങ്കാന ഗവർണറും പുതുച്ചേരി ലഫ്റ്റനൻറ് ഗവർണറുമായ തമിഴിസൈ സൗന്ദർരാജൻ മുഖ്യാതിഥിയായിരുന്നു. 15.7 സെ.മീ.മാത്രം വ്യാസവും മൂന്ന് മീറ്ററോളും ഉയരവും മാത്രമുള്ള റോക്കറ്റ് പരീക്ഷണത്തിന് രണ്ടരക്കോടി രൂപയോളമാണ് ചെലവായത്. ഇതിൻറെ 85 ശതമാനവും സാൻറിയാഗോ മാർട്ടിൻറെ മാർട്ടിൻറെ ഫൗണ്ടേഷനാണ് വഹിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam