
ദില്ലി: രാജ്യത്ത് കൊവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 652 ലേക്ക് ഉയര്‍ന്നു. ഇതുവരെ 20471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 1486 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് മാത്രം 49 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ദില്ലിയില്‍ 92 പുതിയ കേസുകള്‍ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ മരിച്ചു. ഇതോടെ ദില്ലിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. 2248 പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചത്. അതിനിടെ കൊവിഡ് ബാധിതനായ പൊലീസുകാരനോട് സംമ്പർക്കത്തിൽ വന്ന ദില്ലിയിലെ 71 പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നല്‍കി. അതിനിടെ അഹമ്മദാബാദിൽ കൊവിഡ് രോഗം ബാധിച്ച ഗര്‍ഭിണിക്ക് സിസേറിയൻ നടത്തി. ഇന്ത്യയില്‍ ആദ്യമായാണ് കൊവിഡ് രോഗിക്ക് സിസേറിയൻ നടത്തുന്നത്. അമ്മയുടെയും കുഞ്ഞിന്‍റെയും സാമ്പിളുകള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചു.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് വീഡിയോ കോൺഫറന്‍സ് യോഗം ചേരുന്നത്. നേരത്തെ രണ്ട് തവണ വീഡിയോ കോൺഫറസിലൂടെ പ്രധാനമന്ത്രി കൊവിഡ് ലോക്ഡൗൺ നടപടികള്‍ വിലയിരുത്തിയിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരെ കാണുന്നത്. വിമാനസർവ്വീസ് തുടങ്ങുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനമന്ത്രി ആരാഞ്ഞേക്കും. നിലവില്‍ തെലുങ്കാന വിഷയത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടുണ്ട്. മെയ് 7 വരെ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തില്‍ വിമാന സർവീസുകൾ മെയ് ഏഴ് വരെ വേണ്ടെന്ന നിലപാടിലാണ് തെലങ്കാന. ആഭ്യന്തര സർവീസുകൾ ഉടൻ പുനരാരംഭിക്കരുതെന്നും പ്രധാനമന്ത്രിയുമായി തിങ്കളാഴ്ച നടത്തുന്ന ചർച്ചയിൽ നിലപാടറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു, 11 പേര്‍ക്ക് കൂടി രോഗം, ചികിത്സയില്‍ 127 പേര്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ ഇന്ന് 431 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 5649 ആയി. ഇന്ന് 18 പേരാണ് മരിച്ചത്. ഇതിൽ 10 ഉം മുംബൈയിലാണ്. ഇതുവരെ 789 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയിൽ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 300 കടന്നു. ഭാട്ടിയ ആശുപത്രിയിൽ 10 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആകെ കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 45 ആയി. വൊക്കാർഡ് ആശുപത്രിയിൽ 80 ഉം ജസ്‍ലോക് ആശുപത്രിയിൽ 59 പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നവിമുംബൈയിൽ ഒരു ഐടി കമ്പനിയിലെ 19 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം പടരുന്ന ധാരാവിയിൽ ആരോഗ്യമന്ത്രി നേരിട്ടെത്തി സാഹചര്യം വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam