തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം മലപ്പുറം ഒന്ന് വീതം. പാലക്കാട്ടെ ഒരാളുടെ ഫലം മാത്രമാണ് നെഗറ്റീവ് ആയത്. കോഴിക്കോട്ട് രണ്ട് ഹൗസ് സര്‍ജ്ജൻമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 127പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, ഇന്ന് മാത്രം 95 പേർ ആശുപത്രിയിൽ ആയി.  ഇന്ന് രോഗം ബാധിച്ചവരിൽ മൂന്ന് പേര്‍ക്ക് വൈറസ് ബാധ സമ്പർക്കം വഴിയാണ്. 
വിദേശത്തു നിന്നും വന്നത് 5 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞത്: 

നിരീക്ഷണത്തിൽ കഴിയുന്നവർ 29150 പേരുണ്ട്. വീടുകളിൽ 28804 പേരും ആശുപത്രികളിൽ 346 പേരും ഉണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20821 സാമ്പിളുകൾ പരിശോധിച്ചു. 19998 സാമ്പിളുകൾ നെഗറ്റീവാണെന്ന് ഉറപ്പാക്കി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉരപ്പാക്കാൻ കേന്ദ്രം ഓർഡിനൻസ് പുറപ്പെടുവിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഈ നിയമത്തെ സ്വാഗതം ചെയ്യുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള കണ്ണൂരിൽ നിയന്ത്രണം കർശനമാക്കി. പൊലീസ് പരിശോൻ ശക്തമാക്കി. ഇത് ഫലം കണ്ടു. വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായി.ഹോട്സ്പോട്ടായ തദ്ദേശ സ്ഥാപനങ്ങൾ സീൽ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് 437 കേസുകൾ രജിസ്റ്റർ ചെയ്തു. 347 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ തീവ്രത കണക്കിലെടുത്ത് എല്ലാവരും പരമാവധി വീടുകളിൽ കഴിയണം. അവശ്യ വസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കും.

പൊലീസ് തടയുന്ന കൂട്ടത്തിൽ ചില ആരോഗ്യ വകുപ്പ് ജീവനക്കാരെയും തടഞ്ഞിട്ടുണ്ട്. ഇത് പാടില്ല. കൊവിഡ് 19 ന്റെ പൊട്ടിപ്പുറപ്പെടൽ ദേശീയ തലത്തിലും സംസ്ഥാനത്തും സാമ്പത്തിക രംഗത്ത് കനത്ത ആഘാതം ഏൽപ്പിച്ചു. ദേശീയ സമ്പദ് വ്യവസ്ഥ വളർച്ചാ മാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് കൊവിഡ് തുടങ്ങിയത്.

എട്ട്, ഒൻപത് ശതമാനം വളർച്ചയുണ്ടായിരുന്നത് അഞ്ച് ശതമാനത്തിൽ താഴെ നിൽക്കുമ്പോഴാണ് മഹാമാരി വന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പശ്ചാത്തല സൗകര്യ വികസനവും സാമൂഹ്യ ഇടപെടലും ശക്തമാക്കി സാമ്പത്തിക വളർച്ച 7.5 ശതമാനത്തിൽ നിലനിർത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. നാം രണ്ട് പ്രകൃതി ദുരന്തങ്ങൾ നേരിട്ടു. എന്നിട്ടും ഈ രീതിയിൽ വളർച്ച നേടിയെന്നത് മറന്നുകൂട. സംസ്ഥാനത്തിന്‍റെ പൊതു ധനകാര്യ രംഗത്ത് ഞെരുക്കം അനുഭവപ്പെട്ടു. സാമൂഹ്യ ക്ഷേമ ചിലവുകളിൽ നിന്ന് സർക്കാർ എന്നിട്ടും പുറകോട്ട് പോയില്ല.

സംസ്ഥാന സർക്കാർ ജീവനക്കാരും അവരുടെ സംഘടനകളും വലിയ തോതിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തയ്യാറാകുന്നുണ്ട്. വെല്ലുവിളി വലുതായതിനാൽ ഉദാരമായ സഹായം പ്രതീക്ഷിക്കുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒറു ഭാഗം താത്കാലികമായി മാറ്റിവയ്ക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇങ്ങിനെ മാറ്റിവയ്ക്കുന്നത് മൊത്തം ഒരു മാസത്തെ ശമ്പളമായിരിക്കും. മാസത്തിൽ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്കാണ് ഇത്തരത്തിൽ മാറ്റിവയ്ക്കാൻ സർക്കാർ നിർബന്ധിതരാകുന്നത്.

സർക്കാരിന്റെ ഗ്രാന്റോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. 20000 ത്തിൽ താഴെ വേതനം വാങ്ങുന്നവരെ ഒഴിവാക്കും. മന്ത്രിമാർ, എംഎൽഎമാർ, ബോർഡംഗങ്ങൾ തുടങ്ങിയവരുടെ ശമ്പളത്തിന്റെയും 30 ശതമാനം ഒരു വർഷത്തേക്ക് ഓരോ മാസവും കുറയ്ക്കും. ആശാ വർക്കർമാർക്ക് 2020 മാർച്ച് വരെ ഓണറേറിയവും ഇൻസന്റീവും നൽകും. മാർച്ച് മുതൽ കൊവിഡ് കാലയളവിൽ അധിക ഇൻസന്റീവായി ആയിരം രൂപയും നൽകും. സംസ്ഥാനത്തെ 26475 ആശാ വർക്കർമാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. കൊവിഡ് കാലത്ത് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശാ വർക്കർമാർ വഹിക്കുന്നത്. വിദേശത്ത് നിന്നും സംസ്ഥാനഹ്ങളിൽ നിന്ും വന്നവരുടെ ലിസ്റ്റ് തയ്യാറാക്കുക, 60 വയസ് കഴിഞ്ഞവരുടെയും ജീവിതശൈലി രോഗമുള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കണം.

നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ സഞ്ചരിക്കുന്നു. ഇത് പൂർണ്ണമായും തടയാൻ കർശന നടപടി സ്വീകരിക്കും. ചരക്ക് വാഹനങ്ങളടക്കം എല്ലാം വിശദമായി പരിശോധിക്കുന്നു. കണ്ടെയ്നർ ലോറികളും അടച്ചുപൂട്ടിയ വാഹനങ്ങളും തുറന്ന് പരിശോധിക്കുന്നു. ഊടുവഴികളിലൂടെ ജനങ്ങൾ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അതത് പൊലീസ് സ്റ്റേഷന് കീഴിയിൽ ബൈക് പട്രോളിങ് ഏർപ്പെടുത്തി. എസ്എച്ച്ഒ മാരുടെയും എസ്ഐമാരുടെയും നേതൃത്വത്തിൽ 24 മണിക്കൂറും മൊബൈൽ പട്രോളിങ് പ്രവർത്തിക്കുന്നു.

അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. ഇവിടെ പരിശോധനയ്ക്ക് ഡിവൈഎസ്പിമാരെ നിയോഗിക്കും. നിശ്ചിത പ്രവേശന കവാടങ്ങൾ ഇവിടെ അനുവദിക്കും. അനധികൃതമായി കടക്കുന്നവർക്ക് നിയമ നടപടി നേരിടേണ്ടിവരും. പ്രദേശവാസികളല്ലാത്തവരെ അതിർത്തികളിൽ അനുവദിക്കില്ല.

ചില ജില്ലകളിലൊഴികെ വാഹന ഗതാഗതം വലിയ തോതിൽ ഉണ്ടാകുന്നു. ഇത് ഗൗരവത്തോടെ കാണുന്നു. തുറക്കുന്ന കടകളിൽ ശാരീരിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നുണ്ട്. ഇതും അപകടകരമാണ്. മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ട് പോകണം. ഐഡി കാർഡുള്ള സന്നദ്ധ പ്രവർത്തകർ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ പോയെന്ന് കണ്ടിട്ടുണ്ട്. ഇവർ സന്നദ്ധ പ്രവർത്തനത്തിന് അയോഗ്യരാണെന്ന് സ്വയമേ വെളിപ്പെടുത്തി.

മുംബൈയിൽ ഏപ്രിൽ 17 ന് 27 സ്റ്റാഫ് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ യാതൊരു മുൻകരുതലും സ്വീകരിക്കാതെ പാർപ്പിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

പകർച്ചവ്യാധി പ്രതിരോധവും മഴക്കാലപൂർവ ശുചീകരണവും നടത്തും. ഇന്ന് ലോക ഭൗമ ദിനമാണ്. അര നൂറ്റാണ്ട് മുൻപാണ് ഇത് ആചരിച്ച് തുടങ്ങിയത്. ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഭൂമിയെ വ്യത്യസ്തമാക്കുന്നത്. ഭൂമിയുടെ സംരക്ഷണം എന്നത് മനുഷ്യരാശിയുടെ സംരക്ഷണം കൂടിയാണ്. കൊവിഡ് 19 മഹാമാരി മനുഷ്യരാശിയെ മാരകമായി ആക്രമിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ഭൗമദിനം.

കാർഷിക മേഖലയിൽ വലിയ പരിവർത്തനത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കർഷകർക്ക് വലിയ വരുമാനം നൽകാനുമുള്ള പദ്ധതി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും വകുപ്പ് സെകരട്ടറിമാരുടെയും യോഗം ചേരും. അടുത്ത തിങ്കളാഴ്ച വീണ്ടും യോഗം ചേർന്ന് അന്തിമ രൂപം നൽകും. ഈ പ്രവർത്തനം മഴക്ക് മുൻപ് ആരംഭിക്കാനാണ് ശ്രമം.

തരിശ് നിലങ്ങളിൽ പൂർണ്ണമായി കൃഷിയിറക്കാനാണ് മുഖ്യ പരിഗണന. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങൾ കൃത്യമായി കണ്ടെത്തും. ഭൂമിയുടെ ഉടമകൾ ആശങ്കപ്പെടേണ്ട. സമവായത്തിലൂടെ കൃഷിയിറക്കും. കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഒന്നായി പ്രവർത്തിക്കണം. ഇതോടൊപ്പം ജലസേചനം, മൃഗസംരക്ഷണം, സഹകരണ വകുപ്പുകൾ പങ്കാളികളാവും.

പരമ്പരാഗത സങ്കേതങ്ങളിൽ കടിച്ചുതൂങ്ങാതെ പരമാവധി സാധ്യതകൾ ഉപയോഗിക്കണം. മട്ടുപ്പാവ് കൃഷിയിലിടക്കം സമൃദ്ധമായ വിളവ് ലഭിക്കും. മത്സ്യകൃഷി കടലിൽ ചെയ്യാവുന്ന സാങ്കേതിക വിദ്യ നമ്മുടെ മുന്നിലുണ്ട്. കന്നുകാലി, കോഴി, ആട്, പന്നി വളർത്തൽ എന്നിവയ്ക്കെല്ലാം മുന്തിയ പ്രാധാന്യം നൽകുന്ന പദ്ധതി ആവിഷ്കരിക്കും.

മുട്ട, മാസം തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപതത നേടാൻ നടപടിയെടുക്കും. പ്രദിനം 75 ലക്ഷം അധികം മുട്ട ഉൽപ്പാദിപ്പിക്കാൻ സൗകര്യം ഒറുക്കും. ഒരു വീട്ടിൽ അഞ്ച് കോഴികളെ വളർത്താൻ ബുദ്ധിമുട്ടുണ്ടാകില്ല. ശരാശരി രണ്ട് മുട്ട വീതം ഇതിൽ നിന്ന് ലഭിക്കും. സഹകരണ സ്ഥാപനങ്ങൾ വഴി കാർഷിക മേഖലയിൽ വായ്പ ലഭിക്കാൻ ആവശ്യമായ പദ്ധതിയുണ്ടാക്കും. ഇതിന് നബാർഡിന്റെ സഹായം തേടും.

ഒരു കുടുംബത്തിൽ ഒന്നോ രണ്ടോ പശുക്കളെ വളർത്താൻ പദ്ധതിയാരംഭിക്കും. പഞ്ചായത്തിൽ അഞ്ചോ പത്തോ പശുക്കളെ വളർത്തുന്ന ഫാമുകൾ ആരംഭിക്കും. കേരള ചിക്കൻ സംസ്ഥാന വ്യാപകമാക്കും. കോഴിയിറച്ചിയുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കും. ഈ വർഷം 200 ഔട്ട്ലെറ്റുകൾ തുറക്കും. കുടുംബശ്രീക്ക് ഇറച്ചിക്കോഴി സംസ്കരണത്തിന് പ്ലാന്റ് തയ്യാറാക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പാലുൽപ്പാദനം വർധിച്ചാൽ അധികം വരുന്ന പാൽ എന്ത് ചെയ്യുമെന്ന ആശങ്കയുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലും പാൽ കൊണ്ടുപോയി പാൽപ്പൊടിയാക്കുന്നുണ്ട്. ഇതിന് പത്ത് രൂപ ലിറ്ററിന് അധികം ചിലവാണ്. ഇത് പരിഹരിക്കാൻ ആധുനിക സൗകര്യങ്ങളോടെയുള്ള പാൽപ്പൊടി പ്ലാന്റും ബാഷ്പീകരണ പ്ലാന്റും സ്ഥാപിക്കും.

ചീസ്, കട്ടിത്തൈര് ഉൽപ്പാദനം വർധിപ്പിക്കും. ഡയറി പ്ലാന്റുകളിൽ ഉൽപ്പന്ന വൈവിധ്യം നടത്തും. കറവ യന്ത്രങ്ങൾക്ക് സബ്സിഡി വർധിക്കും. 15000 ഏക്കർ സ്ഥലത്ത് കാലിത്തീറ്റ കൃഷി കൊണ്ടുവരും. മത്സ്യമേഖലയ്ക്ക് സമഗ്രമായ സാമ്പത്തിക പാക്കേജിന് വേണ്ടി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.

മത്സ്യം പാൽ മുട്ട ഈ മേഖലകളിലെ വിതരണ ശൃംഖലകളുടെ നവീകരണം ഉറപ്പാക്കും. മത്സ്യവിതരണത്തിന് മൊബൈൽ ആപ്ലിക്കേഷൻ ആലോചിക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മത്സ്യകൃഷി വ്യാപിപ്പിക്കും. ഉപയോഗ ശൂന്യമായ കുളങ്ങൾ നിശ്ചത വർഷത്തേക്ക് ഉപയോഗിക്കും.

മത്സ്യമേഖലയിലെ സ്ഥാപന വായ്പ വർധിപ്പിക്കാൻ വായ്പാ നയം രൂപീകരിക്കും. ഈ മേഖലയുടെ വായ്പാ ആവശ്യം പരിശോധിക്കാൻ സംവിധാനം ഒരുക്കും. കടലിൽ മത്സ്യം എവിടെ കണ്ടെത്താം എന്നത് ആഴക്കടൽ മത്യബന്ധനത്തിന് തടസമാണ്. ഇവരെ സഹായിക്കാൻ സാങ്കേതിക സൗകര്യം ഉണ്ടാക്കും. ഗുണനിലവാരമുള്ള മത്സ്യവിഭവങ്ങളുടെ വിത്തുൽപ്പാദനത്തിന് പ്രത്യേക ശ്രദ്ധ നൽകും.

കടൽ മത്സ്യ കൃഷി ഇന്ത്യൻ സമുദ്ര മത്സ്യ ബന്ധനത്തിന്റെ സാധ്യതയാണ്. കടൽത്തീരത്ത് ഉപ്പുജലത്തിലെ കൃഷി വ്യാപിക്കും. തദ്ദേശീയ അലങ്കാര മത്സ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും. കിങ്ഫിഷ് മത്സ്യകൃഷിയുടെ വിത്ത് വിതരണം വ്യാപിപ്പിക്കും. വനിതാ സ്വാശ്രയ സംഘങ്ങളുടെ ഉപജീവനത്തിന് ഇതും ചിപ്പി കൃഷിയും വ്യാപിപ്പിക്കും.  ചെമ്മീൻ കൃഷി വ്യാപിപ്പിക്കാനുള്ള മുൻ തീരുമാനം നടപ്പാക്കും. ഇതിലൂടെ ചെമ്മീൻ കൃഷിയിലുണ്ടായ തിരിച്ചടി പരിഹരിക്കാനാവും. നെൽകൃഷി ചെയ്യാത്ത പാടങ്ങളിൽ വർഷം മുഴുവൻ ചെമ്മീൻ കൃഷിക്ക് സൗകര്യം ഒരുക്കും.

നാളെ ഏപ്രിൽ 23 ലോക പുസ്തകദിനമാണ്. ഇതിന് മുന്നോടിയായി ഇന്ന് വളരെ പ്രത്യേകതയുള്ള മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കൊവിഡ് കാലത്ത് കുട്ടികൾ എഴുതിയ കഥ, കവിത, ലേഖനങ്ങളുടെ സമാഹരങ്ങളായിരുന്നു ഇവ. നമ്മുടെ വിദ്യാഭ്യാസ വകുപ്പാണ് ഇതിന് പ്രേരണ നൽകിയത്. പൊതുമരാമത്ത് വകുപ്പ്മന്ത്രിക്കാണ് പുസ്തകം നൽകിയത്.