
ശ്രീനഗർ: ജമ്മു കശ്മീരില് കുട്ടികള്ക്ക് നല്കുന്ന ചുമയുടെ സിറപ്പ് കഴിച്ചതിനെ തുടർന്ന് 11 കുട്ടികൾ മരിച്ചു. ഉദംപൂർ ജില്ലയിലെ രാംനഗറിലാണ് സംഭവം. കോൾഡ് ബെസ്റ്റ് പിസി എന്ന മരുന്ന് ഉപയോഗിച്ച കുട്ടികളാണ് മരിച്ചത്.ഡിസംബറിനും ജനുവരിക്കുമിടയിൽ മരുന്ന് കഴിച്ച 17 കുട്ടികളെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൃക്കസ്തംഭനത്തെ തുടർന്ന് ഇതിൽ 11 കുട്ടികൾ മരിച്ചു. ചുമയ്ക്ക് നൽകിയ മരുന്നാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മരുന്നിലെ ഡൈഥലിൻ ഗ്ലൈക്കോഡിന്റെ സാന്നിധ്യമാണ് മരണത്തിനു കാരണമായത്.ചുമ മരുന്നിന്റെ ഒരു കുപ്പിയിൽ 60 മില്ലി ലിറ്റർ മരുന്നാണുള്ളത്. ഒരു തവണ 5-6 മില്ലി കഴിച്ചാൽ 10-12 ഡോസാകുമ്പോള് രോഗി മരിക്കാൻ ഇടയുണ്ടെന്ന് ഹിമാചൽ പ്രദേശ് ഡ്രഗ് കണ്ട്രോളർ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഈ മരുന്നിന്റെ 3400 ലേറെ കുപ്പികൾ ഇതിനകം വിറ്റുപോയിട്ടുണ്ട്. ഹിമാചൽ പ്രദേശ് ആസ്ഥാനമായ ഡിജിറ്റൽ വിഷൻ ഫാർമയാണ് മരുന്ന് വിപണയിലെത്തിച്ചത്. കമ്പനിയുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി .വിറ്റ രസീതുകളുടെ അടിസ്ഥാനത്തിൽ മരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
കുട്ടികളുടെ മരണത്തിന് കാരണം കോൾഡ് ബെസ്റ്റ് പിസി എന്ന മരുന്നിന്റെ ഉപയോഗമല്ലെന്ന് ഡിജിറ്റൽ വിഷൻ ഫാർമയുടെ ഉടമസ്ഥൻ കോണിക് ഗോയൽ പറഞ്ഞു.കമ്പനി പുറത്തിറക്കുന്ന മരുന്നുകളെല്ലാം ഗുണനിലവാരമുള്ളതാണെന്നും ഈ മരുന്ന് നാളുകളായി കുട്ടികൾക്ക് നൽകുന്നതാണെന്നും ഗോയൽ പറഞ്ഞു. എന്നാൽ മരണകാരണം ഡിജിറ്റൽ ഫാർമയുടെ മരുന്നാണെന്ന് തെളിഞ്ഞാൽ കമ്പനിക്ക് ഉത്തരവാദിത്തം ഏൽക്കേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam