
പാറ്റ്ന: ഐആർസിടിസി അഴിമതി കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനും മറ്റ് പ്രതികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ദില്ലി കോടതി. ലാലു പ്രസാദ് യാദവ് ഗൂഢാലോചനയിൽ ഏർപ്പെടുകയും സ്ഥാനം ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവരുൾപ്പെടെയുള്ള പ്രതികൾക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. പ്രത്യേക ജഡ്ജി (പിസി ആക്ട്) വിശാൽ ഗോഗ്നെയാണ് കേസിൽ ഹാജരായത്.
പൊതുപ്രവർത്തകൻ എന്ന നിലയിൽ ക്രിമിനൽ പ്രവർത്തനം നടത്തുക, വഞ്ചനയ്ക്കുള്ള ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ലാലു പ്രസാദ് യാദവിനെതിരെ ചുമത്തണമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം, റാബ്രി ദേവിക്കും തേജസ്വി യാദവിനുമെതിരെ വഞ്ചന, വഞ്ചനയ്ക്കുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താനും കോടതി പറഞ്ഞു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രി എന്ന നിലയിൽ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുകയും ഭൂമി ടെൻഡറിന്റെ യോഗ്യതാ വ്യവസ്ഥകളിൽ കൃത്രിമം കാണിക്കുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു.
2004 നും 2009 നും ഇടയിൽ ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകൾ കൃത്രിമമായ ടെൻഡർ പ്രക്രിയയിലൂടെ സുജാത ഹോട്ടലുകൾക്ക് പാട്ടത്തിന് നൽകിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന് പകരമായി, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിയും തേജസ്വി യാദവുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന ഒരു കമ്പനിക്ക് അതിന്റെ വിപണി മൂല്യത്തിന്റെ തുച്ഛമായ തുകക്ക് കൈമാറി. ഇത് സംസ്ഥാന ഖജനാവിന് ഗണ്യമായ നഷ്ടമുണ്ടാക്കിയെന്നും സിബിഐ വാദിച്ചിരുന്നു.
ബിഹാറിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോടതി ഉത്തരവ് വന്നിട്ടുള്ളത്. ഇത് ആർജെഡി നയിക്കുന്ന മഹാഗത്ബന്ധനും നിതീഷ് കുമാർ- ബിജെപി സഖ്യവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിൽ എത്രത്തോളം നിർണായകമാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam