
മീററ്റ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലടക്കം പ്രതിയായ ആളെ ഉത്തർപ്രദേശിൽ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ഷെഹ്‌സാദ് എന്ന സരൂർപൂർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. മീററ്റ് നഗരത്തിൽ നിന്ന് മാറി ഒറ്റപ്പെട്ട ജനവാസമില്ലാത്ത മേഖലയിൽ വെച്ചാണ് ഷെഹ്‌സാദ് പൊലീസിൻ്റെ വെടിയേറ്റ് മരിച്ചത്. ബലാത്സംഗം, കൊള്ള, വധശ്രമം അടക്കം ഏഴ് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ഇയാളുടെ തലയ്ക്ക് നേരത്തേ 25000 രൂപ വിലയിട്ടിരുന്നു.
പിടികൂടാനെത്തിയ പൊലീസിൽ നിന്ന് രക്ഷപ്പെട്ടോടിയ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് സംഭവത്തിൽ പൊലീസിൻ്റെ വിശദീകരണം. സരൂർപൂർ പൊലീസ് പരിധിയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ച് വർഷം തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഇയാൾ, ഇതിന് ശേഷം ഏഴ് വയസുകാരിയെ സമാനമായ നിലയിൽ പീഡിപ്പിച്ച് പരിക്കേൽപ്പിച്ചിരുന്നു. പൊലീസ് ഇയാളെ പിടികൂടാൻ ശ്രമം തുടങ്ങിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
ഇന്ന് പൊലീസിൻ്റെ പിടിയിൽ പെടാതിരിക്കാൻ ഷെഹ്സാദ് പൊലീസുകാർക്ക് നേരെ വെടിയുതിർത്തുവെന്നും പ്രത്യാക്രമണം നടത്തിയ പൊലീസുകാരുടെ വെടിയേറ്റ് ഇയാൾ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. പൊലീസുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും നിരവധി വെടിയുണ്ടകളും കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. ഷെഹ്സാദിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.