
മുംബൈ: പ്രതിപക്ഷത്തായിരുന്നപ്പോൾ എൻഎച്ച്‌എഐ എഞ്ചിനീയർക്കെതിരെ ചെളിവാരിയെറിഞ്ഞ കേസിൽ മന്ത്രി നിതേഷ് റാണെ കുറ്റക്കാരനാണെന്ന് സിന്ധുദുർഗിലെ കോടതി വിധിച്ചു. നിയമസഭാംഗങ്ങൾ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസത്തെ തടവ് ശിക്ഷയും വിധിച്ചു. 2019ലായിരുന്നു സംഭവം. ശിക്ഷ വിധിച്ചെങ്കിലും അപ്പീൽ നൽകുന്നതിനായി ശിക്ഷ താൽക്കാലികമായി മാറ്റിവെച്ചു. അതേസമയം കേസിലെ മറ്റ് 29 പ്രതികളെ കുറ്റവിമുക്തരാക്കി.
ജനങ്ങൾ നേരിടുന്ന അസൗകര്യങ്ങൾക്കുമെതിരെ ശബ്ദമുയർത്തുക എന്നതായിരുന്നു റാണെയുടെ ഉദ്ദേശ്യമെങ്കിലും, ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ പാടില്ലായിരുന്നുവെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.എസ്. ദേശ്മുഖ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ തുടർന്നാൽ, സർക്കാർ ജീവനക്കാർക്ക് അവരുടെ കടമകൾ അന്തസ്സോടെ നിർവഹിക്കാൻ കഴിയില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
മന്ത്രിയുടെ നടപടിയെ അധികാര ദുർവിനിയോഗമെന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം പ്രവണത നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. കലാപമുണ്ടാക്കൽ, പൊതുപ്രവർത്തകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തി 30 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടക്കുമ്പോൾ മന്ത്രി കോൺഗ്രസ് എംഎൽഎയായിരുന്നു.
പൊതുസമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവ്വമായ അപമാനം സെക്ഷൻ 504 പ്രകാരമാണ് മന്ത്രിയെ കുറ്റക്കാരനാക്കിയത്. മുംബൈ-ഗോവ ഹൈവേ വീതി കൂട്ടുന്നതിൽ റോഡ് പണിയുടെ ഗുണനിലവാരക്കുറവിലും വെള്ളക്കെട്ടിലും പ്രതിഷേധിച്ച റാണെയും അനുയായികളും എൻജിനീയറുടെ മേൽ ചെളിവെള്ളം ഒഴിക്കുകയും പൊതുസ്ഥലത്ത് ചെളിയിലൂടെ നടത്തിക്കുകയും ചെയ്തതാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam