പൊതുജനങ്ങളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രത്യേകസംഘം ന​ഗരത്തിലെ 13-ഓളം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സു​ഗന്ധവ്യഞ്ജനങ്ങളുടെ മൊത്ത വ്യാപാരികളുടെ കേന്ദ്രങ്ങളിലടക്കം പരിശോധനയുണ്ടായി.

ഹൈദരാബാദ്: ന​ഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ മായംകലർന്ന 25,000 കിലോയിലേറെ സു​ഗന്ധവ്യ‍ഞ്ജനങ്ങൾ പിടിച്ചെടുത്തു. ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാരുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡൽട്ടറേഷൻ സർവൈലൻസ് ടീം(HFAST) നടത്തിയ പരിശോധനയിലാണ് വൻതോതിൽ മായംകലർന്ന സു​ഗന്ധവ്യഞ്ജനങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊതുജനങ്ങളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രത്യേകസംഘം ന​ഗരത്തിലെ 13-ഓളം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സു​ഗന്ധവ്യഞ്ജനങ്ങളുടെ മൊത്ത വ്യാപാരികളുടെ കേന്ദ്രങ്ങളിലടക്കം പരിശോധനയുണ്ടായി. ഈ പരിശോധനയിലാണ് ആരോ​ഗ്യത്തിന് ഹാനികരമായ പല രാസവസ്തുക്കളും സു​ഗന്ധവ്യഞ്ജനങ്ങളിൽ കലർത്തുന്നതായി കണ്ടെത്തിയത്. വ്യവസായിക ആവശ്യത്തിന് ഉപയോ​ഗിക്കുന്ന മാരകമായ നിറങ്ങളും ചായങ്ങളും ടാൽക്കം പൗഡറും ഉൾപ്പെടെയാണ് വിവിധ സു​ഗന്ധവ്യഞ്ജനങ്ങളിൽ കലർത്തിയിരുന്നത്.

​ഗുണനിലവാരം കുറഞ്ഞ കടുകിൽ തുണികളിൽ ഉപയോ​ഗിക്കുന്ന ചായവും ടാൽക്കം പൗഡറും എണ്ണയും ചേർത്താണ് കൃത്രിമമായി തിളക്കവും തൂക്കവും വർധിപ്പിച്ചിരുന്നത്. ​ഗ്രാമ്പൂ, ജീരകം തുടങ്ങിയവയിൽ തിളക്കം കൂട്ടാനായി സിന്തറ്റിക് നിറങ്ങളും ചായങ്ങളും ഉപയോ​ഗിച്ചിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിലാണ് ഭക്ഷണത്തിലെ മായം കണ്ടെത്താനായി പൊലീസും ​ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോ​ഗസ്ഥരും ചേർന്ന് പ്രത്യേക സംഘം രൂപവത്കരിച്ചത്. ഇതുവരെ ന​ഗരത്തിലെ വിവിധയിടങ്ങളിലായി 659 റെയ്ഡുകളാണ് ഈ സംഘം നടത്തിയത്. 202 എഫ്ഐആറുകൾ രജിസ്റ്റർചെയ്തു. 246 ടൺ മായംകലർന്ന ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കളിൽ മായംകലർത്തുന്ന ശൃംഖലയെ പൂർണമായും ഇല്ലാതാക്കുന്നത് വരെ പരിശോധനകൾ ഊർജിതമായി തുടരുമെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന വി.സി. സജ്ജനാർ പറഞ്ഞു.