
ദില്ലി: ഇന്ത്യൻ നിർമ്മിത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചു. ഇതുവരെയുള്ള പരീക്ഷണത്തിൽ വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ പാർശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വാക്സിനേഷൻ സ്വീകരിച്ചാൽ യാതൊരു തരത്തിലുള്ള തിരിച്ചടിയുണ്ടാവില്ലെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.
ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പൂണെ എൻഐവി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയതിന് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ഭാരത് ബയോടെക്ക് ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ കൊവാക്സിന് ലഭിച്ചിരുന്നു. 206 രൂപയ്ക്കാണ് കൊവാക്സിൻ കേന്ദ്രസർക്കാർ വാങ്ങുന്നത്. വാക്സിൻ എപ്പോൾ സ്വകാര്യ വിപണിയിൽ എന്തുമെന്നോ എന്തു വിലയ്ക്ക് വിൽക്കുമെന്നോ ഇതുവരെ ഭാരത് ബയോടെക്ക് വ്യക്തമാക്കിയിട്ടില്ല. കൊവാക്സിന് പിന്നാലെ മൂക്കിലൂടെ ഉപയോഗിക്കേണ്ട തുള്ളി മരുന്ന് രൂപത്തിലുള്ള പ്രതിരോധ വാക്സിനും അടിയന്തര അനുമതി തേടി ഭാരത് ബയോടെക്ക് കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam